
പട്ടിത്തറ: പട്ടിത്തറ പഞ്ചായത്തിലെ കക്കാട്ടിരി പത്താം വാർഡിലെ പാറക്കൽ റോഡ് ഇന്റർലോക്ക് നിർമാണവുമായി ബന്ധപ്പെട്ട ശിലാഫലകം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. രാത്രിയുടെ മറവിലാണ് സംഭവം നടന്നത്.
മുൻ വാർഡ് മെമ്പർ സെബു സദഖത്തുള്ളയുടെ വികസന ഫണ്ടിൽ നിന്ന് പട്ടിത്തറ ഗ്രാമപഞ്ചായത്തിന്റെ 2024–2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഉദ്ഘാടന ശിലാഫലകമാണ് തകർത്തത്. രണ്ട് ഘട്ടങ്ങളിലായി ഏകദേശം 12 ലക്ഷം രൂപ ചെലവഴിച്ച് റോഡിൽ ഇന്റർലോക്ക് നിർമാണം നടത്തപ്പെട്ടിരുന്നു.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ പ്രദേശവാസികൾ, രാഷ്ട്രീയ വൈരാഗ്യം നാടിന്റെ സമാധാനം തകർക്കരുതെന്ന് ആവശ്യപ്പെട്ടു. വിഷയത്തിൽ പഞ്ചായത്തിലും പോലീസിലും പരാതി നൽകുമെന്ന് നാട്ടുകാർ അറിയിച്ചു.