ന്യൂയോർക്ക് | ഇറാന്റെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ട് നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 15 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 100 ഡോളറിന് താഴെയെത്തി. മാർച്ച് 11-ന് ശേഷം ആദ്യമായാണ് എണ്ണവില ഈ നിലയിലേക്ക് താഴുന്നത്.
ഇറാനുമായി കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ ചർച്ചകൾ വളരെ ഗുണപരവും ഫലപ്രദവുമാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് സൈനിക നീക്കങ്ങൾ അഞ്ച് ദിവസത്തേക്ക് കൂടി മാറ്റിവെക്കാൻ അദ്ദേഹം പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകം.
നേരത്തെ, 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം തകർക്കുമെന്നും ജലവിതരണ സംവിധാനങ്ങൾ നശിപ്പിക്കുമെന്നും ഇറാനും ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പുതിയ ചർച്ചകൾ യുദ്ധഭീതിക്ക് താൽക്കാലിക ശമനം നൽകിയിരിക്കുകയാണ്.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA) മേധാവി ഫാത്തി ബിറോൾ ഈ പ്രതിസന്ധിയെ അതീവ ഗൗരവകരമെന്നാണ് വിശേഷിപ്പിച്ചത്. നിലവിലെ സാഹചര്യം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും ഏകോപിതമായ അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എണ്ണവിലയിലെ ഈ ഇടിവ് ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
