കറുകപുത്തൂർ–പെരിങ്ങോട് റോഡ് നവീകരണം: കോൺക്രീറ്റിന് പകരം മണ്ണ്; മഴയിൽ കടകളും വീടുകളും ചെളിക്കുളമായി


കൂറ്റനാട്: റോഡ് നവീകരണത്തിന്റെ ഭാഗമായി വശങ്ങളിൽ നികത്തിയ മണ്ണ് മഴയിൽ ഒലിച്ചിറങ്ങി സമീപത്തെ കടകളിലും വീടുകളിലും ചെളി നിറഞ്ഞതോടെ നാട്ടുകാർ പ്രതിഷേധത്തിൽ. കറുകപുത്തൂർ–പെരിങ്ങോട് റോഡിൽ നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് പല ഭാഗങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് നികത്തിയത്.

പ്രവർത്തികൾ ഏറെക്കുറെ പൂർത്തിയായതോടെ റോഡിന്റെ വീതിയും ഉയരവും വർധിച്ചിട്ടുണ്ടെങ്കിലും, ചില ഭാഗങ്ങളിൽ മാത്രം കോൺക്രീറ്റ് വർക്കുകൾ ചെയ്തപ്പോൾ മറ്റിടങ്ങളിൽ മണ്ണിട്ട് ലെവൽ ചെയ്തതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വേഗത്തിൽ ഉദ്ഘാടനം നടത്താൻ വേണ്ടിയുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിരുന്നു. ചില സ്ഥലങ്ങളിൽ നാട്ടുകാർ ഇത് തടയാൻ ശ്രമിച്ചെങ്കിലും ഇതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലുള്ള കടകളിലേക്കും വീടുകളിലേക്കും മണ്ണ് ഒലിച്ചിറങ്ങി ചെളിക്കുളമായി. കാനകൾ പലഭാഗങ്ങളിലും പൂർത്തിയാകാത്തതിനാൽ വെള്ളപ്പാച്ചിലും മണ്ണൊലിപ്പും കൂടി വർധിച്ചിരിക്കുകയാണ്. നാട്ടുകൂട്ടം, മതുപ്പുള്ളി, എകെജി പ്രദേശങ്ങളിലാണ് പ്രശ്നം രൂക്ഷമായത്.

ഇതിനുപുറമെ, ചില ഭാഗങ്ങളിൽ കട്ടവിരിക്കാനുള്ള പ്രവൃത്തികളും പൂർത്തിയാകാതെ മണ്ണ് നികത്തിയ നിലയിലാണ്. ഇതോടെ ചെറിയ മഴയ്ക്കുപോലും വലിയ ദുരിതമാണ് നാട്ടുകാർ നേരിടുന്നത്.റോഡ് നവീകരണത്തിന്റെ ഭാഗമായി വശങ്ങളിലെ പ്രവൃത്തികൾ എല്ലായിടത്തും ഒരേ രീതിയിൽ പൂർത്തിയാക്കണമെന്നും, വീടുകൾക്കും കടകൾക്കും മുന്നിൽ നികത്തിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്ത് കോൺക്രീറ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

2 അഭിപ്രായങ്ങള്‍

  1. അന്തംകമ്മികൾ ജനങ്ങളുടെ കണ്ണിൽ മണ്ണിട്ട് തിരഞ്ഞെടുപ്പിന് മുന്നേ തങ്ങൾ റോഡുകൾ നവീകരിച്ചു എന്ന് വരുത്തി തീർക്കാൻ പുതിയ റോഡുകൾ എന്ന പേരിൽ ഉത്ഘാടിച്ച ഈ പ്രഹസനത്തിന് ഏപ്രിൽ 9ന് ബാലറ്റ് പേപ്പറിലൂടെ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം!!!

    മറുപടിഇല്ലാതാക്കൂ
  2. അന്തംകമ്മികൾ മാത്രം അല്ല ഭരണത്തിൽ ഇരിക്കുന്ന സമയങ്ങളിൽ ഇതുവരെയുള്ള എല്ലാ പാർട്ടിക്കാരും ചെയ്തുകൂട്ടുന്ന പ്രവർത്തിയാണിത്.
    ആരുടെയും അടിമകൾ അല്ലാത്ത ജനങ്ങൾ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം