ഒമാനിലെ മിന്നൽ പ്രളയം; തൃത്താല സ്വദേശിയായ റംലയുടെ മൃതദേഹം കണ്ടെത്തി


ഒമാനിലെ വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൃത്താല സ്വദേശിനി റംലയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം ഉണ്ടായ മിന്നൽ പ്രളയത്തിനിടെ അപകടത്തിൽപ്പെട്ട ഇവരെ തിങ്കളാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

ബർകയിൽ താമസിക്കുന്ന തൃത്താല സൗത്ത് തച്ചറത്തൊടിയിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ വടക്കേക്കര റംലത്ത് (58) ആണ് മരിച്ചത്. കടൽഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ അപകടത്തിൽ റംലയുടെ മകൻ യൂസുഫ് (ഫഹദ്-37)യും, ലുബിഷാദിന്റെ ഭാര്യ ഷംല (32)യും മരിച്ചിരുന്നു.

ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ലുബിഷാദിന്റെയും യൂസുഫിന്റെയും കുടുംബങ്ങൾ സഞ്ചരിച്ച നിസാൻ പട്രോൾ കാർ സൂഖ് പ്രദേശത്തെ വാദിയിൽ കുത്തൊഴുക്കിൽപ്പെട്ടതാണ് അപകടത്തിന് കാരണം. അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.

അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കാർ കണ്ടെത്തിയത്. കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം അമ്മയെ കണ്ടെത്താൻ വീണ്ടും വെള്ളത്തിലിറങ്ങിയ യൂസുഫ് ഒഴുക്കിൽപ്പെടുകയായിരുന്നു. പെരുന്നാൾ അവധിയോടനുബന്ധിച്ച് യൂസുഫിന്റെ വീട്ടിലെത്തിയ ലുബിഷാദും കുടുംബവും ഒന്നിച്ചാണ് യാത്ര ചെയ്തിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം