
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന വിനോദയാത്ര ശ്രദ്ധേയമായി. വ്യാപാര-തൊഴിൽ തിരക്കുകൾക്കിടയിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾക്ക് ഇടവേള നൽകി അംഗങ്ങൾക്ക് മനസിനും ശരീരത്തിനും ഉല്ലാസം പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.
യൂണിറ്റ് രക്ഷാധികാരി സക്കരിയ ഹാജി ഫ്ലാഗ് ഓഫ് ചെയ്തതോടെ 45 അംഗ സംഘം രാവിലെ 8 മണിയോടെ ആറങ്ങോട്ടുകരയിൽ നിന്ന് യാത്ര തിരിച്ചു. പുത്തൂരിലെ ഏഷ്യയിലെ പ്രമുഖ സുവോളജിക്കൽ പാർക്ക് സന്ദർശിച്ച സംഘം പ്രകൃതി സൌന്ദര്യവും വിവിധ ജീവജാലങ്ങളെയും ആസ്വദിച്ചു.
തുടർന്ന് എറണാകുളം മറൈൻ ഡ്രൈവിലേക്ക് എത്തിയ സംഘം ബസ്സിനുള്ളിൽ പാട്ടും നൃത്തവുമായി ആഘോഷമാക്കി. മറൈൻ ഡ്രൈവിൽ സ്പീഡ് ബോട്ട് ഉൾപ്പെടെയുള്ള ബോട്ടുകളിൽ ഉല്ലാസയാത്രയും സംഘടിപ്പിച്ചു. വൈകിട്ട് അഞ്ചോടെ ക്രൂയിസിൽ കൊച്ചി തുറമുഖം വിട്ട് ഉൾക്കടലിലേക്കുള്ള യാത്രയും നടത്തി. ക്രൂയിസ് യാത്രയ്ക്കിടെ പരിസര കാഴ്ചകളെക്കുറിച്ച് വിശദീകരണങ്ങളും ബോട്ട് പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരിചയപ്പെടുത്തലും ഉണ്ടായിരുന്നു.
ഉൾക്കടലിൽ കണ്ട മനോഹരമായ സൂര്യാസ്തമനം യാത്രയുടെ പ്രധാന ആകർഷണമായി. രാത്രി ബോട്ടിനുള്ളിൽ ഒരുക്കിയ സംഗീത വിരുന്നിലും ലൈറ്റ് ഷോയിലും സംഘാംഗങ്ങൾ പങ്കെടുത്ത് നൃത്തം ചെയ്ത് ആസ്വദിച്ചു. പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തത് യാത്രയെ കൂടുതൽ സ്മരണീയമാക്കി.
സമൃദ്ധമായ ഭക്ഷണത്തിനുശേഷം രാത്രി 9 മണിയോടെ ബോട്ട് കരയിലെത്തി. തുടർന്ന് ഗെയിമുകളും സന്തോഷ നിമിഷങ്ങളും പങ്കുവെച്ച് സംഘം രാത്രി ഒരുമണിയോടെ ആറങ്ങോട്ടുകരയിൽ തിരിച്ചെത്തി. വരും ദിവസങ്ങളിൽ വീണ്ടും ഒത്തുചേരാനായുള്ള ആകാംക്ഷയോടെയാണ് യാത്ര അവസാനിച്ചത്.
യൂണിറ്റ് പ്രസിഡണ്ട് എ.കെ. അബൂബക്കർ, ജനറൽ സെക്രട്ടറി ഇ.ആർ. റെനിൻ, ട്രഷറർ വി.വി. പ്രശോബ് കുമാർ, കോഡിനേറ്റർ അഷ്റഫ് ദേശമംഗലം, വൈസ് പ്രസിഡണ്ട് പി.എ. ലിയാസ്, ജോയിന്റ് സെക്രട്ടറി കെ.എ. സദക്കത്ത്, എക്സിക്യൂട്ടീവ് അംഗം പി.എം. സക്കരിയ, യൂത്ത് വിംഗ് പ്രസിഡണ്ട് നൗഫൽ, സെക്രട്ടറി കെ.എച്ച്. ഷറഫുദ്ദീൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.