
കുമരനല്ലൂർ: താഴത്തങ്ങാടി–നീലിയാട് റോഡിന്റെ നവീകരണ പ്രവൃത്തി ഓണത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
റോഡിന്റെ ഇരുവശങ്ങളിലുമായി നിർമ്മിക്കുന്ന ഡ്രൈനേജ് പ്രവൃത്തികൾ വേഗത്തിലാക്കി മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് പഞ്ചായത്ത് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഡ്രൈനേജ് നിർമ്മാണത്തിനായി നിർണയിച്ച സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിച്ചതായി അസിസ്റ്റന്റ് എഞ്ചിനിയർ സുധ അറിയിച്ചു.
റോഡിലുള്ള കുഴികളും തകർച്ചകളും താൽക്കാലികമായി പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം അപകടസാധ്യത വർധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ചർച്ചയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രാജീവ്, പഞ്ചായത്ത് അംഗങ്ങളായ അലി കുമരനല്ലൂർ, കെ. നൂറുൽ അമീർ എന്നിവർ പങ്കെടുത്തു. നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.