
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ജൂൺ 9, 10) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ് മൂലം മരങ്ങൾ കടപുഴകി വീഴാനും ചില്ലകൾ ഒടിഞ്ഞുവീണ് അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലുള്ള അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണമെന്നും ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, കൊടിമരങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സുരക്ഷിതമാക്കണമെന്നും നിർദേശമുണ്ട്. ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണം.
വൈദ്യുതി ലൈനുകളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ KSEBയുടെ 1912 കൺട്രോൾ റൂമിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 നമ്പറിലോ വിവരം അറിയിക്കണം. പത്ര-പാൽ വിതരണക്കാർ, കർഷകർ, നിർമാണ തൊഴിലാളികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.