സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടർക്കഥയാകുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,545 എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 195 രൂപ കുറഞ്ഞ് വില 13350 ലേക്ക് എത്തി. ഇന്നലെ ഒരു പവന് 108360 ആയിരുന്ന സ്ഥാനത്ത് ഇന്ന് പവന് 1560 രൂപയുടെ കുറവോടെ 106800ലേക്കും വില്‍പ്പന വില എത്തിച്ചേർന്നു. കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ ഇടിവും. ബുധനാഴ്ച പവൻവിലയിൽ രാവിലെ 3160 രൂപയുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്. പിന്നാലെ ഉച്ചയ്ക്ക് ശേഷം 800 രൂപയും കുറഞ്ഞു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം കേരളത്തില്‍ സ്വർണ വിലയില്‍ പവന് 5520 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്.
22 കാരറ്റിന് പുറമെ 24 കാരറ്റിന് ഗ്രാമിന് 213 കുറഞ്ഞ് 14564 ലും, 18 കാരറ്റ് സ്വർണം ഗ്രാമിന് 160 കുറഞ്ഞ് 10923 ലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസത്തെ ഇടിവോടെ 22 കാരറ്റ് സ്വർണത്തിലുള്ള ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 115504 രൂപയാണ് നല്‍കേണ്ടത്. വില്‍പ്പന വിലയായ 106800 രൂപയ്ക്ക് പുറമെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായി 5340 രൂപ (5 ശതമാനം) 3364 രൂപ ജിഎസ്ടിയും ചേരുന്ന വിലയാണ് ഇത്. ഹാള്‍മാർക്കിങ് ചാർജായി ഒരു ചെറിയ നിരക്ക് കൂടെ ജ്വല്ലറി ഉടമകള്‍ ഈടാക്കും. രാജ്യാന്തര വിപണിയിലുണ്ടായ അപ്രതീക്ഷിത ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചത്.
ആഗോള വിപണിയിൽ യുഎസ് ഡോളർ ഇതര കറൻസികൾക്കെതിരെ ശക്തിപ്രാപിച്ചതാണ് സ്വർണത്തിന് പ്രധാനമായും തിരിച്ചടിയായത്. ഡോളർ ഇൻഡക്സ് ഉയർന്നതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ പണം മുടക്കുന്നത് താൽക്കാലികമായി കുറച്ചു. കൂടാതെ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ദീർഘകാലം ഉയർന്ന നിലയിൽ തന്നെ നിലനിർത്തിയേക്കുമെന്ന സൂചനകൾ പുറത്തുവന്നത് ബോണ്ട് വിപണിക്ക് കരുത്തേകുകയും സ്വർണത്തിന്റെ ആകർഷണീയത കുറയ്ക്കുകയും ചെയ്തു. ഇതിനൊപ്പം ചൈന ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നത് താൽക്കാലികമായി നിർത്തിവെച്ചതും ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതിനാൽ, രാജ്യാന്തര തലത്തിലെ വൻകിട നിക്ഷേപകർ വ്യാപകമായി സ്വർണം വിറ്റ് ലാഭമെടുക്കാൻ (Profit Booking) തുടങ്ങിയതും വിപണിയിലെ പെട്ടെന്നുള്ള ഇടിവിന് കാരണമായി. ഏതാനും ദിവസം കൂടെ ഈ ഇടിവ് തുടരുമെന്നാണ് പ്രതീക്ഷ. സ്വർണവിലയിലുണ്ടായ ഈ വൻ ഇടിവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. വില റെക്കോർഡുകൾ ഭേദിച്ചതോടെ സ്വർണം വാങ്ങുന്നത് നീട്ടിവെച്ചിരുന്ന പലരും ഈ വിലക്കുറവ് പ്രയോജനപ്പെടുത്തുമെന്നാണ് ആഭരണ വ്യാപാരികളുടെ പ്രതീക്ഷ.
മുൻകൂർ ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നുവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും യു.എസ് സാമ്പത്തിക നയങ്ങളും വിലയെ സ്വാധീനിക്കുമെങ്കിലും, നിലവിലെ വിലക്കുറവ് വിപണിക്ക് പുതിയ ഉണർവ് നൽകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
