എറണാകുളം: മലയാളത്തിന്റെ പ്രിയങ്കരനായ നടൻ സലിംകുമാർ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലയാളികളെ മതിമറന്ന് ചിരിപ്പിച്ച ഹാസ്യനടനായാണ് സലിംകുമാറിന്റെ തുടക്കം. എന്നാൽ പതിയെ ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് നടൻ തെളിയിച്ചു. ഇതിനിടയിൽ സംവിധായകനായും തിളങ്ങി. വെള്ളിത്തിരയിൽ മാത്രമല്ല നിത്യജീവിതത്തിലും ഹാസ്യം സലിംകുമാറിന്റെ സന്തതസഹചാരിയായിരുന്നു. നർമം കലർന്ന കമന്റുകളിലൂടെ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതിൽ നടൻ ഒരിക്കലും വിമുഖത കാട്ടിയിരുന്നില്ല.
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായി 1969 ഒക്ടോബര്‍ 10നാണ് സലിം കുമാറിന്റെ ജനനം. വടക്കൻ പറവൂരിലുള്ള സർക്കാർ ലോവർ പ്രൈമറി സ്കൂളിലും ഗവൺമെന്റ് ബോയിസ് സ്കൂളിലൂമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാല്യങ്കര എസ്.എൻ.എം. കോളേജിൽ നിന്നും പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും എടുത്തു.
മിമിക്രിയിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. എംജി സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിയിൽ മൂന്നു തവണ വിജയിയായിരുന്നു. ഇവിടെ നിന്നാണ് കൊച്ചിൻ കലാഭവന്റെ വേദികളിലേക്ക് എത്തുന്നത്. പിന്നീട് കൊച്ചിൻ സാഗർ എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നു. നാല് വര്‍ഷത്തോളം കൊച്ചിയിലെ പ്രൊഫഷണല്‍ നാടക ട്രൂപ്പായ ആരതി തിയറ്റേഴ്‌സിലും പ്രവർത്തിച്ചിരുന്നു. 'കൊച്ചിൻ സ്റ്റാലിയൻസ്' എന്ന് സ്വന്തമായൊരു മിമിക്രി ട്രൂപ്പും നടത്തിയിരുന്നു.
