
കൂറ്റനാട്: വിദ്യാർത്ഥികൾ ഉയർന്ന ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് പ്രവർത്തിക്കണമെന്നും പരാജയങ്ങളിൽ തളരാതെ മുന്നേറാനുള്ള മനസ്സ് വളർത്തിയെടുക്കണമെന്നും ഡി.ആർ.ഡി.ഒ. മുൻ ഡയറക്ടർ ജനറൽ ഡോ. കെ. രാജലക്ഷ്മി മേനോൻ പറഞ്ഞു. ഭാരത് യൂത്ത് ക്ലബ്ബിന്റെ പന്ത്രണ്ടാമത് 'മീറ്റ് ദ ലെജൻഡ്' സംവാദ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അവർ.
ജീവിതത്തിലും പ്രവർത്തനങ്ങളിലും ഗുണനിലവാരവും പൂർണതയും ഉറപ്പാക്കാൻ ശ്രമിക്കണം. വിവിധ മേഖലകളിലെ പ്രതിഭകളെക്കുറിച്ച് പഠിക്കാനും അവരുടെ നേട്ടങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാനും വിദ്യാർത്ഥികൾ തയ്യാറാകണം. സ്വപ്നങ്ങൾ എപ്പോഴും ഉന്നത സ്ഥാനങ്ങളെക്കുറിച്ചാകണമെന്നും നോബൽ സമ്മാനം പോലുള്ള വലിയ നേട്ടങ്ങൾ ലക്ഷ്യമിട്ട് പ്രയത്നിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
യുവശാക്തീകരണവും വിദ്യാർത്ഥികളുടെ വൈജ്ഞാനിക പുരോഗതിയും ലക്ഷ്യമിട്ട് കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിക്കുന്ന ഭാരത് യൂത്ത് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നത അധികാര പദവികളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ നാഗലശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ഡോ. പ്രസാദ് സി.വി., അഡ്വ. രാജേഷ് വെങ്ങാലിൽ, അഭിമന്യു എം.ആർ., അഭയകൃഷ്ണൻ, വിഷ്ണു ഹരിദാസ് കെ.എച്ച്., ശ്രീ വിനയഗോപാൽ, സ്വാതി എന്നിവർ സംസാരിച്ചു. സംവാദത്തിൽ അതിഥിയോട് ചോദ്യങ്ങൾ ചോദിച്ച വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ ഉപഹാരമായി നൽകി.