പാലക്കാട്‌ ഇടിമിന്നലിൽ ആളിക്കത്തി വീട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു, ഒഴിവായത് വൻ അപകടം

പാലക്കാട് ഒലവക്കോട് ശക്തമായ ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടിൽ വീട് പൂർണ്ണമായി കത്തിനശിച്ചു. ഒലവക്കോട് അനുഗ്രഹ ഓഡിറ്റോറിയത്തിന് എതിർവശത്ത് ഗഫൂറും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് വീട്ടിനുള്ളിൽ ആളുകളാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തീപിടിത്തത്തിൽ വീട്ടിലുണ്ടായിരുന്ന ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തുണിത്തരങ്ങളും പൂർണ്ണമായി ചാമ്പലായി.

ഭിന്നശേഷിക്കാരനായ ഗഫൂറും കുടുംബവുമാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരുന്നത്. ഗഫൂറിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മൂന്നു ദിവസമായി ഇവർ മകളുടെ വീട്ടിലായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ച നിലയിലും അകത്തെ സാധനങ്ങൾ പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലും കണ്ടത്. ഹാൾ മുറിയിലുണ്ടായിരുന്ന സെറ്റി, മുകളിലെ വൈറിംഗ്, സമീപത്തുണ്ടായിരുന്ന വസ്ത്രങ്ങൾ എന്നിവ പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ ആഘാതത്തിൽ വീടിന്റെ ചുവരുകളിൽ കരിപടരുകയും ജനൽച്ചില്ലുകൾ പൊട്ടിവീഴുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗഫൂർ രണ്ടാം വാർഡ് കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു. കൗൺസിലർ സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ച ശേഷമാണ് കെ.എസ്.ഇ.ബി അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചത്. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയും സർവീസ് വയർ വിച്ഛേദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം