തിരുമിറ്റക്കോട് പഞ്ചായത്തിലെ കിഴക്കേ ചാത്തന്നൂരിൽ മഴവെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തത് ദുരിതമായി. കറുകപുത്തൂർ–എഴുമങ്ങാട് റോഡ് നവീകരണത്തിന്റെ ഭാഗമായി കിഴക്കേ ചാത്തന്നൂർ പള്ളിക്ക് സമീപത്തെ ഓവ് പാലം അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്ന് പെയ്ത മഴയിൽ സമീപത്തെ വീടുകളിലേക്കും പള്ളിയിലേക്കും വെള്ളം ഒഴുകിയെത്തി. പള്ളിക്ക് സമീപം റോഡ് രണ്ടടിയോളം ഉയർത്തിയാണ് നവീകരണം നടത്തുന്നത്. നിലവിലുണ്ടായിരുന്ന ഓവ് പാലം പുനർനിർമിച്ച് മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കി വീടുകളിൽ വെള്ളം കയറുന്ന സ്ഥിതി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
