ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശന വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി ഇന്ന് വിയറ്റ്നാമില്‍ നിന്ന് മടങ്ങിയെത്തും. ബിജെപി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയേക്കും എന്നാണ് വിവരം. ഗ്യാനേഷ് കുമാറിനെതിരായ രാഹുലിന്റെ മിന്നല്‍ സമരമുറകള്‍ ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷ. ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ എത്തും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയുള്ള ഇൻഡ്യ മുന്നണിയുടെ പ്രതിഷേധങ്ങള്‍ക്കിടെയുള്ള രാഹുലിന്റെ വിദേശ സന്ദര്‍ശനം ബിജെപി നേരത്തെ ആയുധമാക്കിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രാഹുല്‍ പ്രതിഷേധങ്ങൾക്ക് അവധി നൽകി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയെന്നായിരുന്നു ബിജെപി ആരോപണം. നേരത്തെ, രാഹുലിന്റെ വിയറ്റ്നാം യാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍, താനൊരു ട്രാവല്‍ ഏജന്റല്ലെന്നും ആ ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ മറുപടി.
രാഹുല്‍ ഗാന്ധി തിരികെ എത്തുന്ന സാഹചര്യത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ സമരം കടുപ്പിക്കാനാണ് സാധ്യത. ഒക്ടോബര്‍ 28ന് ഗ്യാനേഷിനെതിരെ മോക്ക് ഇംപ്പീച്ച്മെന്റ് നടത്താന്‍ ഇന്‍ഡ്യ സഖ്യം തീരുമാനിച്ചിട്ടുണ്ട്. സിവില്‍ സൊസൈറ്റി അംഗങ്ങളേയും വിദ്യാര്‍ത്ഥികളേയും അടക്കം ഇതില്‍ പങ്കെടുപ്പിക്കാനാണ് നീക്കം. അഭിഭാകരേയും ജഡ്ജുമാരേയും അടക്കം പരിപാടിയിലേക്ക് ക്ഷണിച്ചേക്കും. ഇതിന് പിന്നാലെ നവംബര്‍ ഒന്നിനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ മാര്‍ച്ച് തീരുമാനിച്ചിരിക്കുന്നത്. ഇന്‍ഡ്യ സഖ്യ എംപിമാരോടൊപ്പം എല്ലാ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിക്കാനാണ് നിര്‍ദ്ദേശം.
ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും ഡല്‍ഹിയില്‍ സമരമുയര്ന്നിരുന്നു. പീപ്പിള്‍ എഗെയിന്‍സ്റ്റ് എസ്ഐആര്‍ എന്ന പേരില്‍ പൗര പ്രമുഖരും കര്‍ഷകരും അടക്കം പങ്കെടുക്കുന്നതായിരുന്നു സമരം. ഇടതുസംഘടനകളും പ്രതിഷേധത്തില്‍ അണിചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനാധിപത്യത്തെ തിരികെ പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സിജെപി നേതാക്കള്‍ കൂട്ടായ്മയുടെ ഭാഗമാണെങ്കിലും മാര്‍ച്ചില്‍ പങ്കെടുത്തില്ല. ജാമ്യ ഉപാധിയായി സമാധാന ബോണ്ട് അടക്കം ഉള്ള സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം നടക്കുമെന്ന് കണ്ടാണ് സിജെപി താല്‍ക്കാലികമായി മാറി നില്ക്കാന് തീരുമാനിച്ചത്.
