ആനക്കര പഞ്ചായത്തിൽ യുഡിഎഫ് ഭരണം നഷ്ടമായി; ലീഗ് പിന്തുണയോടെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി


ആനക്കര: താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ മുന്നണി ഭിന്നതയ്ക്കൊടുവിൽ ആനക്കര ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് പി.എൻ. അംബികയ്‌ക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ പാസായി.

വെള്ളിയാഴ്ച രാവിലെ 11ന് ചേർന്ന പഞ്ചായത്ത് കൗൺസിൽ യോഗത്തിലാണ് അവിശ്വാസ പ്രമേയം പാസായത്. 17 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് ഏഴും കോൺഗ്രസിന് ആറും മുസ്‌ലിം ലീഗിന് മൂന്നും ബിജെപിക്ക് ഒന്നും അംഗങ്ങളാണുള്ളത്.

എൽഡിഎഫിന്റെ ഏഴ് അംഗങ്ങൾക്കൊപ്പം മുസ്‌ലിം ലീഗിന്റെ മൂന്ന് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ 10 അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങൾ ചർച്ചയിൽനിന്ന് വിട്ടുനിന്നു. യുഡിഎഫിന്റെ ഭാഗമായ ലീഗ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചത് പഞ്ചായത്തിലെ ഭരണസമവാക്യത്തിൽ നിർണായകമായി.

താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് യുഡിഎഫിനുള്ളിലെ ഭിന്നതയ്ക്ക് കാരണമായത്. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം