കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡ് പാഴൂരിലെ അംഗവും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരിച്ചു. ബുധനാഴ്ച രാത്രി ഒൻപതരയോടെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അപകടം. ലോക്കോ പൈലറ്റ് നൽകിയ വിവരത്തെത്തുടർന്ന് കുറ്റിപ്പുറം പോലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ഐ.എൻ.ടി.യു.സി കുറ്റിപ്പുറം സെക്രട്ടറി, പാഴൂർ ജുമാമസ്ജിദ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ.
