
തൃത്താല: ആനക്കര ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായതിന് പിന്നാലെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്ത് സംസ്ഥാന കമ്മിറ്റി. പാർട്ടി നിർദേശങ്ങൾ അംഗീകരിക്കാതിരിക്കുകയും പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തെന്ന കാരണത്താലാണ് നടപടി. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മുസ്ലിം ലീഗിന്റെ പിന്തുണയോടെ പാസായതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. അംബികയ്ക്ക് ഭരണം നഷ്ടമായത്.
അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. ആനക്കര പഞ്ചായത്ത് ബോർഡ് അംഗങ്ങളായ സൽമ ബഷീർ, സീനത്ത് പുളിക്കൽ, ഷീബ പുളിക്കൽ എന്നിവരെയും പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മണ്ഡലം ഭാരവാഹികളായ കെ.പി. മുഹമ്മദ്, പുല്ലാര മുഹമ്മദ് എന്നിവരെയും അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.