സവർക്കർ പരാമർശം; രാഹുലിനെതിരായ വിദ്വേഷ പ്രസംഗ കേസ് സുപ്രീം കോടതി റദ്ദാക്കി

വി.ഡി.സവർക്കറിനെതിരായ പരാമർശങ്ങളില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയെടുത്ത വിദ്വേഷ പ്രസംഗ കേസ് സുപ്രീം കോടതി റദ്ദാക്കി. രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയ ക്രിമിനൽ മാനനഷ്ടക്കേസും ലഖ്നൗവ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസും റദ്ദാക്കി. കേസില്‍ രാഹുല്‍‌ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, രാഹുൽ ഗാന്ധിക്കെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് നിയമപരമായ അനുമതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണ് കേസ് റദ്ദാക്കുന്നതെന്ന് കോടതി പറഞ്ഞു. ‘നിയമപ്രകാരം നടപടിയെടുക്കാൻ അനുമതി അനിവാര്യമാണ്. എന്നാൽ ഇവിടെ ആ അനുമതിയില്ല. അനുമതിയില്ലാതെ കേസ് നിലനില്‍ക്കില്ല. നിങ്ങൾ നിയമം പാലിച്ചേ തീരൂ’ എന്ന് ഉത്തര്‍പ്രദേശ് സർക്കാരിനെയും പരാതിക്കാരനെയും അഭിസംബോധന ചെയ്തുകൊണ്ട് ജസ്റ്റിസ് ദത്ത വ്യക്തമാക്കി.

2022 നവംബർ 17 ന് മഹാരാഷ്ട്രയിലെ അകോലയിൽ നടന്ന 'ഭാരത് ജോഡോ യാത്ര'യ്ക്കിടെ സവർക്കറെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിലാണ് കേസെടുത്തിരുന്നത്. സവർക്കര്‍ ബ്രിട്ടീഷുകാരുമായി സഹകരിച്ചയാളാണെന്നും ബ്രിട്ടീഷുകാരിൽനിന്ന് പെൻഷൻ കൈപ്പറ്റിയെന്നുമായിരുന്നു പരാമര്‍ശം. കേസിൽ വിചാരണാ കോടതിയുടെ സമൻസിനെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, കീഴ്ക്കോടതിയിൽ റിവിഷൻ ഹർജി നൽകാനായിരുന്നു നിർദ്ദേശം. ഇതിനെത്തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം