മലപ്പുറം: തിരൂര്‍ അന്നാരയില്‍ അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തിരൂര്‍ തെക്കനന്നാരയിലെ കുഴിപ്പയില്‍ വേലായുധ(65)നാണ് മരിച്ചത്. മകന്‍ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വേലായുധനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. തിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശേഷം തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞതോടെ കൊലക്കുറ്റം ചുമത്തുകയായിരുന്നു.
