മെക്കാ സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിനും ചേരാം, കൂടുതൽ രാജ്യങ്ങൾക്ക് വാതിൽ തുറന്നുകിടക്കുന്നു: എർദോഗൻ

അങ്കാറ: തുർക്കി, സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അടുത്തിടെ ഒപ്പുവെച്ച മെക്കാ സംയുക്ത പ്രതിരോധ കരാറിൽ ഭാവിയിൽ ഈജിപ്തിനും ചേരാൻ കഴിയുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. കരാർ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത തുറന്നുകിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അൽ ജസീറയുടെ അറബിക് ചാനലിൽ ഞായറാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന അൽ മുഖബല (The Interview) എന്ന പ്രത്യേക അഭിമുഖത്തിൽ എർദോഗൻ ഇക്കാര്യം വ്യക്തമാക്കിയതായാണ് അൽ-ജസീറ റിപ്പോ‍ർട്ട് ചെയ്യുന്നത്. 

കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിലൊന്നിനെതിരെ പുറത്തുനിന്നുള്ള സായുധ ആക്രമണമുണ്ടായാൽ മൂന്ന് രാജ്യങ്ങളും സംയുക്തമായി പ്രതികരിക്കുമെന്നും അഭിമുഖത്തിൽ എർദോഗൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാർ ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് നൽകിയത് എന്നും എർദോഗൻ പറഞ്ഞു. ഈജിപ്തിന്റെ പങ്കാളിത്തം കരാറിന്റെ ഭാവി വികസനത്തിനുള്ള സാധ്യതകളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വെള്ളിയാഴ്ച മെക്കയിൽ വെച്ചാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്ന് മെക്ക കരാറിൽ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കും എന്നാണ് കരാറിലെ പ്രധാനവ്യവസ്ഥ.

ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയെക്കുറിച്ചും എർദോഗൻ പ്രതികരിച്ചു. കടലിടുക്ക് വീണ്ടും തുറക്കുന്നത് തുർക്കിയുടെ മുൻഗണനയാണെന്നും അത് അടഞ്ഞുകിടക്കുന്നത് ആർക്കും ഗുണകരമല്ലെന്നുമായിരുന്നു തുർക്കി പ്രസിഡൻ്റിൻ്റെ പ്രതികരണം. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും എർദോഗൻ പ്രശംസിച്ചു.

സിറിയ, ഗാസ, ലെബനൻ എന്നീ അയൽപ്രദേശങ്ങളെ പ്രതിസന്ധിയിൽ തനിച്ചാക്കില്ലെന്നും തുർക്കി പ്രസിഡൻ്റ് വ്യക്തമാക്കി. സിറിയയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ തുർക്കി എല്ലാ പിന്തുണയും നൽകുമെന്നും സിറിയ സന്ദർശിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയിലെ കുർദ് ജനതയ്ക്കും സമാധാനത്തിന്റെയും സ്ഥിരതയുടെയും നേട്ടത്തിൽ പങ്കുണ്ടാകുമെന്നും എ‍ർദോ​ഗാൻ വ്യക്തമാക്കി. മേഖലയിലെ കുർദ് സമൂഹങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും തുർക്കി പ്രസിഡൻ്റ് വ്യക്തമാക്കി.

ഗാസയെ തനിച്ചാക്കാൻ തുർക്കിക്ക് കഴിയില്ലെന്നായിരുന്നു അഭിമുഖത്തിൽ എർദോ​ഗാൻ പ്രതികരിച്ചതെന്നാണ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ​ഗാസയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് തങ്ങളുടെ പ്രതിബദ്ധതകൾ ആത്മാർത്ഥമായി പാലിക്കുമ്പോൾ ഇസ്രായേൽ യുദ്ധം തുടരുകയാണെന്നും എർദോ​ഗാൻ ആരോപിച്ചു. ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളിൽ തുർക്കിക്ക് വലിയ ആശങ്കയുണ്ടെന്നും എർദോഗൻ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ തുർക്കി സന്ദർശിച്ചപ്പോൾ ലെബനനിലെ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തോട് ഉന്നയിച്ചിരുന്നുവെന്നും യുദ്ധം അവസാനിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് നിർണായക പങ്കുണ്ടെന്നും തുർക്കി പ്രസിഡൻ്റ് വ്യക്തമാക്കി.

ലിബിയയും സുഡാനുമായുള്ള ബന്ധത്തെക്കുറിച്ചും അഭിമുഖത്തിൽ എർദോ​ഗാൻ പ്രതികരിച്ചു. സുഡാന് തുർക്കി തുടർന്നും പിന്തുണ നൽകുമെന്നും സുഡാൻ സോവറിനിറ്റി കൗൺസിൽ അധ്യക്ഷൻ അബ്ദൽ ഫത്താഹ് അൽ-ബുർഹാനുമായി നല്ല ബന്ധമാണുള്ളതെന്നും എർദോഗൻ പറഞ്ഞു. ലിബിയയുമായുള്ള ബന്ധം സ്ഥിരതയുള്ളതാണെന്നും ആ രാജ്യത്തെ തുർക്കി ഒരിക്കലും കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യൻ യൂണിയന് തുർക്കിയെ അംഗമാക്കാൻ താത്പര്യമുള്ളതായി തോന്നുന്നില്ലെന്നും അതിനാൽ യൂറോപ്യൻ യൂണിയൻ അംഗത്വം ഇനി തുർക്കിയുടെ പ്രധാന പരിഗണനയല്ലെന്നും എർദോഗൻ വ്യക്തമാക്കി. ഇതിന്റെ നഷ്ടം യൂറോപ്പിനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ്-35 യുദ്ധവിമാനങ്ങൾ സംബന്ധിച്ച് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അത് നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എർദോ​ഗാൻ അഭിമുഖത്തിൽ വ്യക്തമാക്കിയതായാണ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം