
കൂട്ടുപാത: കുടുംബവുമായി സഞ്ചരിച്ച BMW കാർ റോഡിൽനിന്ന് താഴ്ചയുള്ള പാടത്തേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് കുട്ടികളടക്കം ഏഴ് പേർ കാര്യമായ പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ദുബായ് റോഡിൽ കോഴിക്കാട്ടിരി പാലത്തിന് സമീപമാണ് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ അപകടമുണ്ടായത്.
കുന്നംകുളം ഭാഗത്തുനിന്ന് ആറങ്ങോട്ടുകര ഭാഗത്തേക്ക് വരികയായിരുന്ന കാർ പാലത്തിനോട് ചേർന്നുള്ള ഹമ്പിൽ കയറിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ കരിമ്പനയിൽ ഇടിച്ച് പാടത്തേക്ക് മറിഞ്ഞതായാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പരിസരവാസികളും ചേർന്ന് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തു.
രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന ഏഴ് അംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ആർക്കും കാര്യമായ പരിക്കുകളില്ലെങ്കിലും എല്ലാവരെയും ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയരാക്കി. ഉറുമ്പകശ്ശേരിയിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായാണ് കുടുംബം കാറിൽ എത്തിയതെന്നാണ് വിവരം.