ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ അത്യാധുനിക ആതുരസേവന കേന്ദ്രമാക്കും: വി.ടി. ബൽറാം എംഎൽഎ


ചാലിശ്ശേരി: പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ നൂതന സാങ്കേതിക സംവിധാനങ്ങളോടുകൂടിയ അത്യാധുനിക ആതുരസേവന കേന്ദ്രമാക്കി ഉയർത്തുമെന്ന് വി.ടി. ബൽറാം എംഎൽഎ അറിയിച്ചു. ആശുപത്രി സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ ഒ.പി. കെട്ടിടം, നഴ്സിംഗ് സ്റ്റേഷൻ, ഡയാലിസിസ് സെന്റർ, കിടത്തി ചികിത്സാ വിഭാഗം, കോൺഫറൻസ് ഹാൾ, ഫാർമസി, പാലിയേറ്റീവ് കെയർ വിഭാഗം, കുത്തിവെപ്പ് കേന്ദ്രം, ഓഫീസ് കെട്ടിടം, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവ എംഎൽഎ സന്ദർശിച്ചു. പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതിയവ നിർമ്മിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ ആശുപത്രി അധികൃതരിൽ നിന്ന് തേടുകയും ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു.

താൻ എംഎൽഎയും ഇ.ടി. മുഹമ്മദ് ബഷീർ എംപിയും ആയിരുന്ന കാലത്ത് ആരംഭിച്ച ഡയാലിസിസ് സെന്റർ നൂറുകണക്കിന് വൃക്കരോഗികൾക്ക് ആശ്വാസമായതായും കേരളത്തിന് തന്നെ മാതൃകയായ പദ്ധതിയായി മാറിയതിൽ സന്തോഷമുണ്ടെന്നും ബൽറാം പറഞ്ഞു. തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ പൂർണ പിന്തുണ ഉറപ്പുനൽകുന്നതായി പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അറിയിച്ചു. വികസനത്തിനായി ആവശ്യമായ ഫണ്ട് പരമാവധി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീന അക്ബർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ, പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി സൂപ്രണ്ട് എം.എസ്. ശ്രീകുമാർ, പി.ആർ.ഒ വി.കെ. ശിവരഞ്ജിനി, സീനിയർ നഴ്സിംഗ് ഓഫീസർ, പാലിയേറ്റീവ് വളണ്ടിയർ പ്രദീപ് ചെറുവാശ്ശേരി തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു. ആശുപത്രി അധികൃതർ തയ്യാറാക്കിയ താൽക്കാലിക മാസ്റ്റർ പ്ലാൻ എംഎൽഎയ്ക്ക് സമർപ്പിച്ചു. മുൻകാലങ്ങളിൽ ‘കുന്നത്ത് ആശുപത്രി’ എന്നറിയപ്പെട്ടിരുന്ന ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിക്കുമെന്ന് വി.ടി. ബൽറാം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം