ലോക കപ്പ് ഫുട്ബോൾ പോസ്റ്ററുകളിൽ കാണുന്ന പുകവലി ദൃശ്യങ്ങൾക്ക് എതിരെ മദ്യവർജ്ജന സമിതി


പാലക്കാട് ജില്ലാ പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് ആണ് ലോക കപ്പ് പോസ്റ്ററുകളിലെ പുകവലി ദൃശ്യങ്ങൾക്കെതിരെ രംഗത്തെത്തിയത്. പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്ന ചില ഫുട്ബോൾ ആരാധക പോസ്റ്ററുകളിൽ പുകയില ഉല്പന്നങ്ങളുടെ സാദൃശ്യമുള്ള ചിത്രങ്ങളും സന്ദേശങ്ങളും ഉൾപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2003ലെ COTPA (Cigarettes and Other Tobacco Products Act) നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, പൊതുയോഗ വേദികൾ എന്നിവിടങ്ങളിൽ പുകയില ഉല്പന്നങ്ങളുടെ പരസ്യം, പ്രചാരണം, പ്രോത്സാഹനം എന്നിവ നിരോധിച്ചിട്ടുള്ളതാണ്.

ഇത്തരത്തിലുള്ള ചിത്രങ്ങളും സന്ദേശങ്ങളും യുവജനങ്ങളിൽ തെറ്റായ സന്ദേശം നൽകുന്നതിനും പുകയില ഉപയോഗത്തെ സാധാരണവൽക്കരിക്കുന്നതിനും ഇടയാക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ചില ഫുട്ബോൾ ആരാധക പോസ്റ്ററുകളിൽ പുകയില ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെട്ടതായി പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിരുന്നു. നിയമപരവും സാമൂഹികവുമായ ഉത്തരവാദിത്വം മനസ്സിലാക്കി ബന്ധപ്പെട്ട ഫാൻസ് പ്രവർത്തകർ പോസ്റ്ററുകൾ നീക്കം ചെയ്യുകയോ ആവശ്യമായ തിരുത്തലുകൾ നടത്തുകയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. 

യുവജനങ്ങളെ ലഹരി ഉപയോഗത്തിൽ നിന്ന് അകറ്റി നിർത്തുന്നതിനും ആരോഗ്യകരമായ കായിക സംസ്കാരം വളർത്തുന്നതിനും എല്ലാ കായിക സംഘടനകളും ഫാൻസ് കൂട്ടായ്മകളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മദ്യവർജ്ജന സമിതി അഭ്യർത്ഥിച്ചു. ഭാവിയിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന പോസ്റ്ററുകളിലും ബാനറുകളിലും നിയമവിരുദ്ധമോ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതോ ആയ ഉള്ളടക്കങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം