
തൃത്താല: ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി നടപ്പാക്കുന്ന കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതിയുടെ തൃത്താല നിയോജകമണ്ഡലതല ഉദ്ഘാടനം വി. ടി. ബൽറാം എംഎൽഎ നിർവഹിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ അവസരം മുതൽ നടപ്പാക്കേണ്ടതാണെന്നും അതാണ് വി. ഡി. സതീശൻ സർക്കാർ പ്രവർത്തനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂറ്റനാട്ടിൽ നടന്ന ചടങ്ങിൽ വി. ടി. ബൽറാം എംഎൽഎയും കണ്ടക്ടർ ആർ. രേണുകയും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം ബസ് യാത്രയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് എംഎൽഎ യാത്രക്കാരോടൊപ്പം തൃത്താല വരെ ബസിൽ യാത്ര ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന അക്ബർ അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും ജനപ്രതിനിധികളും കെഎസ്ആർടിസി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.