
തൃത്താല: എസ്.എച്ച്.വി.ആർ സ്വച്ച് ഹരിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാലയങ്ങളിൽ ഒന്നായി ജിഎംആർഎസ് തൃത്താല ശ്രദ്ധേയമായി. പാലക്കാട് ജില്ലയിൽ ഗവൺമെന്റ് സ്കൂൾ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹത നേടിയത് ജിഎംആർഎസ് തൃത്താലയാണ്.
എസ്.എച്ച്.വി.ആർ സർവേയുടെയും എൻ.സി.ഇ.ആർ.ടി വിദഗ്ധസംഘം നടത്തിയ ഓൺസൈറ്റ് ഗ്രേഡിങ്ങിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാലയത്തിന് ഈ ദേശീയ അംഗീകാരവും പുരസ്കാരവും ലഭിച്ചത്. ശുചിത്വം, ഹരിത പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ വിദ്യാലയം നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നേട്ടത്തിന് വഴിയൊരുക്കിയത്.
വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിനും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും ലഭിച്ച ഈ അംഗീകാരം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ അഭിമാന നിമിഷമായി. ദേശീയതലത്തിൽ ലഭിച്ച ഈ പുരസ്കാരം ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കും കൂടുതൽ പ്രചോദനമാകുമെന്ന് അധികൃതർ അറിയിച്ചു.