വെള്ളിയാങ്കല്ല് റഗുലേറ്റർ ഷട്ടറുകൾ തുറന്നതോടെ ഊത്തപിടിത്തം സജീവം; പാർശ്വഭിത്തി നിർമാണത്തിലെ കാലതാമസത്തിൽ പ്രതിഷേധം


കനത്ത മഴയെ തുടർന്ന് ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചതോടെ തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ 10 ഷട്ടറുകൾ തുറന്നിരുന്നു. ഷട്ടറുകൾ തുറന്നതോടെ മഴക്കാലത്ത് വ്യാപകമായി നടക്കുന്ന ഊത്തപിടിത്തവും സജീവമായിരുന്നു. മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂൺ, ജൂലൈ മാസങ്ങളിൽ ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് ഗുരുതര ഭീഷണിയാകുന്ന ഊത്തപിടിത്തം തടയാൻ ഫിഷറീസ് വകുപ്പ് അന്ന് നടപടികൾ ശക്തമാക്കിയിരുന്നു.

പട്ടാമ്പി, തൃത്താല, ഞാങ്ങാട്ടിരി, കൊടുമുണ്ട മേഖലകളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന വലകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം പ്രത്യേക പട്രോളിങ് സംഘങ്ങളെ നിയോഗിച്ച് പരിശോധനയും നടത്തിയിരുന്നു. പ്രജനനകാലത്ത് നടത്തുന്ന ഇത്തരം അനധികൃത മത്സ്യബന്ധനം മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പും വകുപ്പ് നൽകിയിരുന്നു.

അതേസമയം, മഴക്കാലമായിട്ടും പ്രളയത്തിൽ തകർന്ന വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ പാർശ്വഭിത്തി നിർമാണം വർഷങ്ങളായി പൂർത്തിയാകാത്തതിൽ പ്രദേശവാസികളും യജ്ഞേശ്വരം ക്ഷേത്ര ഭാരവാഹികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വെള്ളിയാങ്കല്ല് പാലത്തിന് സമീപം ക്ഷേത്രത്തോട് ചേർന്ന ഭാഗത്തുള്ള പാർശ്വഭിത്തി തകർന്നതിനെ തുടർന്ന് പ്രദേശം അപകടാവസ്ഥയിലായിരുന്നു. ഊട്ടുപുരയ്ക്ക് സമീപം പുഴയിലേക്ക് മണ്ണിടിച്ചിൽ ഭീഷണി നിലനിന്നതിനാൽ ക്ഷേത്രത്തിലെ അന്നദാന പ്രവർത്തനങ്ങളും വർഷങ്ങളായി തടസ്സപ്പെട്ടിരുന്നു.

പ്രളയത്തിൽ തകർന്ന ഷട്ടറിനോട് ചേർന്ന ഭാഗത്ത് പാർശ്വഭിത്തി പൊളിച്ച് താൽക്കാലികമായി കല്ലുകൾ സ്ഥാപിച്ചിരുന്നെങ്കിലും ശക്തമായ കുത്തൊഴുക്ക് ഉണ്ടായാൽ റഗുലേറ്ററിനും പാലത്തിനും കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്ക നാട്ടുകാർ ഉയർത്തിയിരുന്നു. പാർശ്വഭിത്തി നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ജനങ്ങളുടെ സുരക്ഷയും ആശങ്കകളും പരിഹരിക്കണമെന്നായിരുന്നു തീരദേശവാസികളുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം