ചാലിശ്ശേരിയിൽ സഭാതർക്കം വീണ്ടും രൂക്ഷമായി. ഹൈക്കോടതി വിധി നിലനിൽക്കുന്നതിനിടെ ഓർത്തഡോക്സ് വിഭാഗം പള്ളി പൂട്ടിയതിനെ തുടർന്ന് മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് മാതൃദേവാലയത്തിന് മുന്നിൽ അവർ പ്രാർത്ഥന യജ്ഞം ആരംഭിച്ചു.
പീഡാനുഭവവാരത്തോട് അനുബന്ധിച്ച് നാലു ദിവസം സെമിത്തേരിയിൽ പ്രവേശിക്കാൻ ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അനുമതി നൽകിയിരുന്നു. എന്നാൽ പെസഹ വ്യാഴാഴ്ച കുർബ്ബാനയ്ക്ക് ശേഷം യാക്കോബായ വിശ്വാസികൾ മാതൃദേവാലയത്തിലേക്ക് എത്തുന്നതിനുമുമ്പ് ഓർത്തഡോക്സ് വിഭാഗം പള്ളി മുൻവശം പൂട്ടിയതായി പറയുന്നു.
തുടർന്ന് വിശ്വാസികൾ പള്ളിക്ക് മുന്നിൽ ധൂപപ്രാർത്ഥന നടത്തി. പിന്നീട് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്തുമണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ മാതൃദേവാലയത്തിന് മുന്നിൽ പ്രാർത്ഥന യജ്ഞം ആരംഭിച്ചു.
കഴിഞ്ഞ വർഷവും സമാന സാഹചര്യം ഉണ്ടായിരുന്നുവെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു. പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ സെമിത്തേരിയിൽ പ്രവേശിക്കാൻ സബ് കലക്ടർ ഉത്തരവ് നൽകിയിരുന്നുവെങ്കിലും അന്ന് പോലും പള്ളി പൂട്ടിയതായാണ് ആരോപണം. സ്ഥലത്ത് ചാലിശ്ശേരി പൊലീസ് ക്യാമ്പ് ചെയ്യുന്നു.
