
കൂറ്റനാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തൃത്താല മണ്ഡലം തിരഞ്ഞെടുപ്പ് റാലി കൂറ്റനാടിനെ ചെങ്കടലാക്കി മാറ്റി. ശനിയാഴ്ച സായാഹ്നത്തിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തതോടെ പ്രദേശം മുഴുവൻ ചുവപ്പണിഞ്ഞു.
കൂറ്റനാട്–തൃത്താല റോഡിനരികിലെ പാടശേഖരത്തിൽ ഒരുക്കിയ വേദിയിലേക്ക് ഉച്ചയ്ക്ക് ശേഷം തന്നെ തൃത്താല മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരും അനുഭാവികളും ഒഴുകിയെത്തി. മണ്ഡലത്തിലെ ഇടതുപക്ഷ മനോഭാവം പ്രകടമാക്കുന്ന തരത്തിലുള്ള വലിയ ജനപങ്കാളിത്തം റാലിയെ ശ്രദ്ധേയമാക്കി.
ശനി ഉച്ചയ്ക്ക് ശേഷം തന്നെ തൃത്താലയിലെ കൈവഴികളിലൂടെ കൂറ്റനാട് ടൗണിലേക്കായി നീങ്ങിയ ജനക്കൂട്ടങ്ങൾ നഗരത്തെ ഉത്സവാന്തരീക്ഷത്തിലാക്കി. ആവേശകരമായ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും റാലിക്ക് കൂടുതൽ ഊർജം നൽകി.
മണ്ഡലം കൺവീനർ എം.ആർ. മുരളി അധ്യക്ഷനായി. കെ. രാധാകൃഷ്ണൻ എം.പി, ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, സ്ഥാനാർഥി എം.ബി. രാജേഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ വി.കെ. ചന്ദ്രൻ, പി.എൻ. മോഹനൻ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി. സുരേഷ് രാജ്, ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ്, മണ്ഡലം ചെയർമാൻ ഇ.ടി. ഹൈദ്രോസ് തുടങ്ങിയവർ പങ്കെടുത്തു.
കൂടാതെ എ.കെ. ദേവദാസ് (ഐ.എസ്.ജെ.ഡി), സി.കെ. വിജയൻ (കേരള കോൺഗ്രസ് എം), ശ്രീജി കടവത്ത് (എൻ.സി.പി) ഉൾപ്പെടെ വിവിധ ഘടക കക്ഷി നേതാക്കളും റാലിയിൽ പങ്കെടുത്തു.