നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി

സംസ്ഥാനത്ത് നാളെ (ബുധനാഴ്ച) മുതൽ തുടർച്ചയായ മൂന്നുദിവസം ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം. സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ചുള്ള കണക്കെടുപ്പും പെസഹാ വ്യാഴം, ദുഃഖവെള്ളി അവധികളും വരുന്നതോടെയാണ് ബാങ്കിംഗ് സേവനങ്ങളെയും ട്രഷറി ഇടപാടുകളെയും ബാധിക്കുക.

ബുധനാഴ്ച (ഏപ്രിൽ 1): ബാങ്കുകളിൽ വാർഷിക കണക്കെടുപ്പ്  നടക്കുന്നതിനാൽ പബ്ലിക് ട്രാൻസാക്ഷൻ ഉണ്ടായിരിക്കില്ല. ബാങ്കുകൾ തുറക്കുമെങ്കിലും നേരിട്ടുള്ള പണമിടപാടുകൾ നടത്താൻ സാധിക്കില്ല. വ്യാഴം (ഏപ്രിൽ 2): പെസഹാ വ്യാഴം, വെള്ളി (ഏപ്രിൽ 3): ദുഃഖവെള്ളിയും പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.

ബുധനാഴ്ച 'നോ ട്രാൻസാക്ഷൻ ഡേ' ആയി പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്തെ ട്രഷറികളിലും ഇടപാടുകൾ നടക്കില്ല. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണത്തെയും ഇത് ഭാഗികമായി ബാധിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെ ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമായതിനുശേഷം മാത്രമേ ട്രഷറികൾ വഴി പെൻഷൻ, സേവിങ്സ് ബാങ്ക് പണമിടപാടുകൾ പുനരാരംഭിക്കുകയുള്ളൂ.

തുടർച്ചയായ അവധികൾ വരുന്നതിനാൽ എടിഎമ്മുകളിൽ പണം തീരാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ഇടപാടുകാർ ശ്രദ്ധിക്കുക. ഡിജിറ്റൽ ഇടപാടുകൾക്കും ഓൺലൈൻ ബാങ്കിംഗിനും തടസ്സമുണ്ടായിരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം