
തൃത്താല: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള നേരിട്ടുള്ള സംവാദത്തിനുള്ള ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തൃത്താല മണ്ഡലത്തിലും സമാനമായ സംവാദത്തിന് തയ്യാറാണെന്ന് മുൻ എംഎൽഎ വി.ടി ബൽറാം അറിയിച്ചു. നിലവിലെ എംഎൽഎയും മന്ത്രിയുമായ എം ബി രാജേഷ് വില്ലുവിളിച്ച സംവാദത്തിനാണ് ബൽറാം പ്രതികരണം നടത്തിയത്.
കഴിഞ്ഞ ഡിസംബർ മാസം മുതൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടുവരുന്ന സംവാദം ഇപ്പോഴാണ് അംഗീകരിക്കപ്പെട്ടതെന്നും, എന്നാൽ തീയതി, വേദി, പ്ലാറ്റ്ഫോം എന്നിവ ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ലെന്നും ബൽറാം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദത്തിന് പിന്നാലെ തന്നെ തൃത്താലയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുമായി തുറന്ന സംവാദത്തിന് യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷവും അഞ്ച് വർഷവും എന്ന താരതമ്യത്തിലെ അസമത്വം പോലും പരിഗണിക്കേണ്ടതില്ലെന്നും, തന്റെ 2011-16 കാലത്തെ എംഎൽഎയായുള്ള അഞ്ച് വർഷവും എതിർ സ്ഥാനാർത്ഥിയായ എം ബി രാജേഷിന്റെ 2021-26 കാലത്തെ മന്ത്രിയും സ്പീക്കറുമായുള്ള പ്രവർത്തനങ്ങളും തമ്മിൽ താരതമ്യം ചെയ്യാമെന്നും ബൽറാം വ്യക്തമാക്കി.
വസ്തുതകളും അനുഭവങ്ങളും അടിസ്ഥാനമാക്കി തൃത്താലയിലെ ജനങ്ങൾ തന്നെ വിധി പറയട്ടെയെന്നും, നിലവിലെ സാഹചര്യത്തിൽ അവർ സംതൃപ്തരാണോയെന്ന് ജനങ്ങൾ തന്നെ തുറന്നു പറയണമെന്നും ബൽറാം കൂട്ടിച്ചേർത്തു.