
നാഗലശ്ശേരി പഞ്ചായത്തിലെ മങ്ങാട്ട്കുളത്തിൽ വയോധികൻ മുങ്ങിമരിച്ചു. നാഗലശ്ശേരി മണിയാറത്ത് വീട്ടിൽ 77 വയസുള്ള മൊയ്തു ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം.
പ്രദേശത്തെ ഒരു സ്ത്രീ കുളത്തിൽ വസ്ത്രങ്ങൾ അലക്കുന്നതിനിടെ മൊയ്തു കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് ഇറങ്ങുകയായിരുന്നു. വയോധികൻ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ ഇതിനിടെ മൊയ്തു പൂർണമായും കുളത്തിനടിയിലേക്ക് മുങ്ങിപ്പോയിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വയോധികനെ പുറത്തെടുത്തെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.