ഇന്ന് പൂര്‍ണ ചന്ദ്രഗ്രഹണം: ‘ബ്ലഡ് മൂണ്‍’ ദൃശ്യവിസ്മയം, ഇനി അവസരം 2029ല്‍

ഇന്ന് ആകാശത്ത് അപൂര്‍വ്വ ദൃശ്യവിസ്മയം. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നു. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി നേര്‍രേഖയിൽ വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്നതാണ് ചന്ദ്രഗ്രഹണം. ഈ ഘട്ടത്തിൽ സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കാതെ ഭൂമി തടയുന്നതിനാൽ ചന്ദ്രന്‍ ചുവപ്പുനിറം കലര്‍ന്ന ഓറഞ്ച് നിറത്തിലേക്ക് മാറും. ഈ പ്രതിഭാസമാണ് ‘രക്തചന്ദ്രന്‍’ അഥവാ ‘ബ്ലഡ് മൂണ്‍’ എന്നറിയപ്പെടുന്നത്.

ഗ്രഹണ സമയത്ത് ചന്ദ്രന്‍ ചിങ്ങരാശിയിലായിരിക്കും. ഇന്ത്യയിലെ പശ്ചിമ ബംഗാള്‍, ത്രിപുര, മിസോറാം, മേഘാലയ, മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വൈകിട്ട് 5.18 മുതല്‍ 5.32 വരെയാണ് ചന്ദ്രന്‍ പൂര്‍ണമായി ഭൂമിയുടെ നിഴലില്‍ മറയുക.

കേരളത്തില്‍ ഗ്രഹണം ഭാഗികമായിരിക്കും. ഒബ്‌സര്‍വേറ്ററി കണക്കുകള്‍ പ്രകാരം വൈകിട്ട് 6.30 മുതല്‍ 7.53 വരെയാണ് കേരളത്തില്‍ ഗ്രഹണം ദൃശ്യമാകുക. എന്നാല്‍ പഞ്ചാംഗ സമയങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. സന്ധ്യാസ്പര്‍ശമുള്ളതിനാല്‍ കേരളത്തില്‍ ഇത് ആചരണീയ ഗ്രഹണമായാണ് പരിഗണിക്കുന്നത്.

ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട സമയക്രമം അനുസരിച്ച് ഉച്ചകഴിഞ്ഞ് 3.23 മുതല്‍ 6.53 വരെയാണ് ഗ്രഹണം നീളുക. പൂർണഗ്രഹണം വൈകിട്ട് 4.34ന് ആരംഭിക്കും. ഏകദേശം ഒരു മണിക്കൂര്‍ നേരം പൂര്‍ണഗ്രഹണഘട്ടം നീണ്ടുനില്‍ക്കും. 5.30ഓടെ പരമാവധി ഗ്രഹണത്തിലേക്ക് കടക്കുമ്പോള്‍ ചന്ദ്രന്‍ പൂര്‍ണമായും കടുംചുവപ്പ് നിറത്തിലേക്ക് മാറും.

ഇന്ത്യയിലെ മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങളായിരിക്കും ദൃശ്യമാകുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ അവസാന നിമിഷങ്ങള്‍ കാണാന്‍ സാധിക്കും. ഇന്നത്തെ ഈ അത്ഭുത ദൃശ്യവിസ്മയം നഷ്ടപ്പെട്ടാല്‍ അടുത്ത പൂര്‍ണ ‘ബ്ലഡ് മൂണ്‍’ കാണാന്‍ 2029 വരെ കാത്തിരിക്കേണ്ടിവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം