
തൃത്താല: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃത്താല നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പട്ടാമ്പി താലൂക്ക് ഓഫീസിലെത്തി തൃത്താല നിയോജക മണ്ഡലം വരണാധികാരിയായ പട്ടാമ്പി തഹസിൽദാർ മുമ്പാകെയാണ് അദ്ദേഹം പത്രിക നൽകിയത്.
ബി.ജെ.പി പാലക്കാട് വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. കെ.വി. മനോജ്, ദിനേഷ് എറവക്കാട്, ദേശീയ സമിതി അംഗം വി. രാമൻകുട്ടി, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് സേതു ആറങ്ങോട് എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. കൂടാതെ ശിവസേന ജില്ലാ ജോയിന്റ് സെക്രട്ടറി നിധീഷ് വട്ടംപറമ്പിൽ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പത്രിക സമർപ്പണത്തിന് ശേഷം മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരായ പോരാട്ടമാകും വരും ദിവസങ്ങളിലെ പ്രചാരണത്തിന്റെ പ്രധാന അജണ്ടയെന്ന് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രതികരിച്ചു.