ഒമാനിലെ മിന്നൽ പ്രളയത്തിനും വെള്ളപ്പൊക്ക ദുരന്തത്തിനും പിന്നാലെ യുഎഇയിലെ വിവിധ എമിറേറ്റുകളിലും വ്യാപകമായ മഴയും ഇടിയും മിന്നലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ദുബൈ, അബുദാബി, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച മഴ മണിക്കൂറുകളോളം തുടർന്നു. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതം ബാധിച്ചു.
വരും മണിക്കൂറുകളിലും മഴ തുടരാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത ഗണ്യമായി വർധിച്ചതായും റിപ്പോർട്ടുണ്ട്.
മഴയെ തുടർന്ന് റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് അധികൃതർ നിർദേശം നൽകി. ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന താൽക്കാലിക വേഗപരിധി കർശനമായി പാലിക്കണമെന്നും നിയമലംഘകർക്ക് കനത്ത പിഴയും ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
പർവ്വതപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ള താഴ്വരകളിലേക്ക് വെള്ളം കുത്തിയൊഴുകാൻ സാധ്യതയുള്ളതിനാൽ അവിടങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. ദുരന്ത സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വീണ്ടും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
