ഗണിതമധുരം വിരല്‍ത്തുമ്പില്‍; കാഴ്ചയുടെ അതിരുകള്‍ മായ്ച്ച് സ്‌ട്രൈഡ് അസിസ്റ്റീവ് മാത്‌സ് കിറ്റ്


കാഴ്ച പരിമിതരായ വിദ്യാര്‍ഥികള്‍ക്കായി കെ-ഡിസ്‌കിന്റെ സ്‌ട്രൈഡ് തയ്യാറാക്കിയ ഉപകരണങ്ങള്‍ കൈമാറി. കണ്ണുകള്‍കൊണ്ട് കാണാനാവില്ലെങ്കിലും സ്പര്‍ശനത്തിന്റെ അത്ഭുത ലോകത്തിലൂടെ ഗണിത ശാസ്ത്രത്തിലെ സങ്കീര്‍ണ്ണ രൂപങ്ങളെ തൊട്ടറിഞ്ഞ് ഒരു കൂട്ടം മിടുക്കര്‍. കാഴ്ച പരിമിതരായ വിദ്യാര്‍ഥികള്‍ക്കായി കേരള ഡെവലപ്‌മെന്റ് ആൻ്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സോഷ്യല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്‌ട്രൈഡ് പദ്ധതിയിലൂടെ തയ്യാറാക്കിയ സ്‌ട്രൈഡ് അസിസ്റ്റീവ് മാത്‌സ് കിറ്റ് കൈമാറി.

അന്താരാഷ്ട്ര ഗണിത ദിനത്തില്‍ പാലക്കാട് കരിമ്പുഴ ഹെലന്‍ കെല്ലര്‍ സെന്റിനറി മെമ്മോറിയല്‍ മോഡല്‍ സ്‌കൂളില്‍ നടന്ന ചടങ്ങ് കെ.പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ഗണിത കിറ്റുകളൂം അദ്ദേഹം വിതരണം ചെയ്തു. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡുമായി (കെ.എഫ്.ബി) സഹകരിച്ചാണ് കെ-ഡിസ്‌ക് പരിപാടി സംഘടിപ്പിച്ചത്. കരിമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.ചന്ദ്രമോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അശോക് കുമാര്‍ മുഖ്യാതിഥിയായി.

ഹെലന്‍ കെല്ലര്‍ സകൂള്‍ ഹെഡ്മിസ്ട്രസ് നോബിള്‍ മേരി ചാക്കോ, കെ-ഡിസ്‌ക് സോഷ്യല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ ഡിവിഷന്‍ പ്രോഗ്രാം മാനേജര്‍ ലക്ഷ്മി കെ.ജെ,  ജൂനിയര്‍ കണ്‍സള്‍ട്ടന്റ് സൂരജ് എസ്.ആര്‍, ജൂനിയര്‍ അസോസിയേറ്റ് അമല്‍ പി.എസ്, കെ.എഫ്.ബി സംസ്ഥാന സെക്രട്ടറി ബി.വിനോദ്, കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് വി.എന്‍. ചന്ദ്രമോഹനന്‍, ഹെലന്‍ കെല്ലര്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.ജയശീലന്‍, അധ്യാപകരായ ആർ.ടി.ബിജു, കെ.കെ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

കോട്ടയത്തെ വാളക്കയം സര്‍വ്വോദയ ഗ്രന്ഥശാലയിലെ സ്‌ട്രൈഡ് മെയ്ക്കര്‍ സ്റ്റുഡിയോയില്‍ നിര്‍മിച്ച ഗണിത രൂപങ്ങള്‍ അടങ്ങുന്നതാണ് സ്‌ട്രൈഡ് അസിസ്റ്റീവ് മാത്‌സ് കിറ്റ്. കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്പര്‍ശനത്തിലൂടെ ഗണിത പാഠങ്ങള്‍ പഠിക്കാനായി വൃത്തം, ചതുരം, ത്രികോണം മുതലായ രൂപങ്ങള്‍ ഈ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2031 ഓടെ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസിവ് ഇന്നോവേഷന്‍ ഹബ്ബ് ആയി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കെ-ഡിസ്‌ക് സോഷ്യല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് സ്‌ട്രൈഡ്. ഇതിലൂടെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ (അസിസ്റ്റീവ്/അഡാപ്റ്റീവ്/കോഗ്‌നിറ്റീവ്) നിര്‍മിച്ചു നല്‍കുന്നു. സ്‌ട്രൈഡ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കപ്പെട്ട മെയ്ക്കര്‍ സ്റ്റുഡിയോ വഴിയാണ് ഈ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്. 

ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നവീന സാമൂഹിക സാഹചര്യം കെട്ടിപ്പടുക്കുന്നതിനായുള്ള കേരളത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് പദ്ധതിയുടെ ആശയാവതരണം നടത്തിക്കൊണ്ട് കെ-ഡിസ്‌ക് സോഷ്യല്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി പറഞ്ഞു. സ്‌ട്രൈഡ് മെയ്ക്കര്‍ സ്റ്റുഡിയോകള്‍ വഴി തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. ഭിന്നശേഷി സൗഹൃദമായ ഒരു പഠനമാതൃകയാണ് സ്‌ട്രൈഡ് കെട്ടിപ്പടുക്കുന്നത്. ഇതിലൂടെ അവരുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി സഹായ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക എന്ന സ്‌ട്രൈഡിന്റെ ലക്ഷ്യമാണ് യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം