കൂറ്റനാട് തൊഴുക്കാട് വീട്ടിൽ വൻ കവർച്ച; 25 പവൻ സ്വർണം നഷ്ടപ്പെട്ടതായി പരാതി


കൂറ്റനാട്: തൊഴുക്കാട് പ്രദേശത്തെ വീട്ടിൽ കള്ളൻമാർ കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. തൊഴുക്കാട് ഹരിഭവനിൽ സുധീർ പി.വി.യുടെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കും രാത്രി 8.30 നും ഇടയിലാണ് മോഷണം നടന്നത്. ഈ സമയത്ത് വീട്ടുകാർ സമീപത്തെ ആമക്കാവ് പൂരം കാണാൻ പോയിരിക്കുകയായിരുന്നു.

തൊട്ടടുത്ത് താമസിക്കുന്ന സുധീറിന്റെ അമ്മ വീട്ടിലെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വീടിനകത്തെ വാതിലുകൾ തുറന്നു കിടക്കുന്നതും അലമാരയിലെ സാധനങ്ങൾ വലിച്ചെറിഞ്ഞ നിലയിലും കാണുന്നത്. തുടർന്ന് വീട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായത്.

ടെറസിലെ വാതിൽ തകർത്തും അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടു പൊളിച്ചുമാണ് മോഷ്ടാക്കൾ വീട്ടിനകത്ത് കയറിയതെന്നാണ് സംശയം. വിവരമറിഞ്ഞ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചാലിശ്ശേരി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ രണ്ടുപേർ സംശയാസ്പദമായി സഞ്ചരിക്കുന്നതായി കണ്ടെത്തിയതായും പോലീസ് അറിയിച്ചു. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം