പ്രവാസി വ്യവസായി വി.പി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യ പ്രതി പിടിയിൽ

വി.പി.എം ഇൻ്റർനാഷണൽ ഗ്രൂപ്പ് മേധാവിയായ വലിയ പീടികയ്ക്കൽ മുഹമ്മദലിയെ യാത്രാമധ്യെ കാർ തടഞ്ഞ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതി പിടിയിൽ. മുഹമ്മദാലിയുടെ പിതൃസഹോദരന്റെ മകന്‍ പൂങ്ങോട് വലിയ പീടിയക്കല്‍ ഷിയാസ് ആണ് പോലീസ് പിടിയിലായത്. ഡിസംബര്‍ 6നാണ് ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊഴിക്കാട്ടിരി പാലത്തിന് സമീപം വച്ച് നാലംഗ സംഘം മുഹമ്മദലി സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ തടഞ്ഞു നിര്‍ത്തി തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടത്തിക്കൊണ്ടു പോയത്.

ഡ്രൈവറുടെ മൊഴി പ്രകാരം ചാലിശ്ശേരി പോലീസ് ജില്ലയ്ക്കകത്തും പുറത്തും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് പനമണ്ണ കോതകുർശ്ശിയിലെ ഒരു വീട്ടിൽ ബന്ദിയാക്കപ്പെട്ട മുഹമ്മദാലി അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് പളളിയിൽ അഭയം തേടിയത്.അക്രമികളുടെ ക്രൂര മർദ്ദനം നേരിട്ട മുഹമ്മദാലിയെ ഉടന്‍ തന്നെ ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് വാണിയംകുളം പി.കെ ദാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തൃശൂർ റേഞ്ച് ഐ.ജി, പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങൾ പ്രതികളെ കണ്ടെത്താൻ വല വീശി. അന്നുതന്നെ പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പഴുതടച്ച അന്വേഷണം തുടർന്നു. കേരളത്തിനകത്തും പുറത്തും സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും, കടത്തിക്കൊണ്ട് പോകലിന് നേതൃത്വം നല്‍കിയ ക്രിമിനലുകളെ പിടികൂടുകയും ചെയ്തു.

എന്നാല്‍ പോലീസിന്റെ തുടരന്വേഷണത്തിന്റെ വാള്‍മുന തനിക്ക് നേരെയാണെന്ന് അറിഞ്ഞ മുഖ്യപ്രതി ഈ സമയം വിദേശത്തേക്ക് കടക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വളരെ തന്ത്രപൂര്‍വം ഇയാളെ പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ ബന്ധു വീട്ടില്‍ നോമ്പു തുറയ്ക്ക് എത്തിയ സമയത്തായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഒരു കാലത്ത് മുഹമ്മദാലിയുടെ വിശ്വസ്തനും, അദ്ദേഹത്തിന്റെ പല ബിസിനസ്സുകളും നോക്കി നടത്തുകയും ചെയ്തിരുന്ന ആളാണ് ഷിയാസ്. ഇതിനിടെ ഷിയാസ് നടത്തി വന്നിരുന്ന തട്ടിപ്പുകള്‍ 72 കാരനായ വി.പി മുഹമ്മദാലി കണ്ടെത്തുകയും ഇയാളെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. ഇതോടെ ഷിയാസിന്റെ വരുമാനം നിലയ്ക്കുകയും കടക്കെണിയിലകപ്പെടുകയും ചെയ്തു.

ഇതിന്റെ പക വീട്ടുന്നതിനും, മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി വലിയൊരു തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബാധ്യതകള്‍ തീര്‍ക്കുന്നതിന് വേണ്ടിയുമാണ് പ്രതിയും കൂട്ടാളികളും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. തെളിവുകള്‍ സഹിതം യഥാര്‍ഥ പ്രതികളെ പിടിക്കാന്‍ വേണ്ടിയാണ് തങ്ങളുടെ കുടുംബം ക്ഷമയോടെ ഇത്രയും ദിവസം കാത്തിരുന്നത് എന്ന് മുഹമ്മദാലിയുടെ മകന്‍ അലി മുഹമ്മദ് അലി പ്രതികരിച്ചു. 

പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും ഇനി ആര്‍ക്കും തന്റെ പിതാവിന്റെ ഗതി വരരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബ സമേതം സൗദിയിൽ താമസിക്കുന്ന വി.പി മുഹമ്മദാലിക്ക് കേരളത്തിനകത്തും പുറത്തും ആശുപത്രി ശ്യംഖലകളും ഇൻ്റർ നാഷണൽ സ്കൂളുകളുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം