കൂടല്ലൂർ ഗവ. ഹൈസ്കൂൾ ഇനി എം.ടി വാസുദേവൻ നായർ മെമ്മോറിയൽ ജി.എച്ച്.എസ് കൂടല്ലൂർ

കൂടല്ലൂർ ഗവ. ഹൈസ്കൂളിന്റെ പേര് ഇനി എം.ടി വാസുദേവൻ നായർ മെമ്മോറിയൽ ജി.എച്ച്.എസ് കൂടല്ലൂർ എന്നായിരിക്കും അറിയപ്പെടുക. സ്കൂൾ രേഖകളിലും മറ്റ് ബന്ധപ്പെട്ട ഓഫീസ് രേഖകളിലും പുതിയ പേരാണ് ഉപയോഗിക്കേണ്ടതെന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. സലിനാ ബീവി അറിയിച്ചു. സ്കൂൾ പ്രധാനാധ്യാപികയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കൂടല്ലൂരിന്റെ പ്രശസ്ത കഥാകാരനായ എം.ടി വാസുദേവൻ നായറോടുള്ള ആദരസൂചകമായാണ് സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് കൂടല്ലൂർ സ്കൂൾ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി സംയുക്ത യോഗം ആവശ്യപ്പെട്ടിരുന്നത്.

എം.ടി യുടെ നിര്യാണത്തെ തുടർന്ന് അരുണോദയം വായനശാല സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഈ ആവശ്യം മന്ത്രി എം.ബി രാജേഷിന് നിവേദനമായി നൽകിയിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി അന്ന് ഉറപ്പ് നൽകിയിരുന്നു.

തൃത്താല എം.എൽ.എയും മന്ത്രിയുമായ എം.ബി രാജേഷിന്റെ ഇടപെടലിന്റെ ഭാഗമായാണ് തൃത്താല നിയോജകമണ്ഡലത്തിലെ നാല് സ്കൂളുകൾക്ക് മഹാന്മാരുടെ പേരുകൾ നൽകി പുനർനാമകരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കിയത്.

കൂടല്ലൂർ ഹൈസ്കൂളിന് എം.ടി യുടെ പേര് നൽകിയത് വിശ്വസാഹിത്യകാരനായ എം.ടി വാസുദേവൻ നായറെ വരുംതലമുറകൾ എന്നും ഓർക്കാൻ സഹായിക്കുമെന്ന് വിവിധ സംഘടനാ നേതാക്കളും നാട്ടുകാരും അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം