നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുന്ന വികസന–ക്ഷേമ പഠന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ–എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഡോ. വി. സേതുമാധവന്റെ വസതി സന്ദർശിച്ചുകൊണ്ടാണ് മന്ത്രി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത്. സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെയും ക്ഷേമ പദ്ധതികളെയും കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കുന്നതിന് രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾ അഭിമാനകരമാണെന്ന് ഡോ. വി. സേതുമാധവൻ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ പഠനമികവിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ പൊതുജനങ്ങൾ കൂടുതൽ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ–ശുചിത്വ മേഖലകളിലും സർക്കാർ മികവുറ്റ പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്നും, കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് സമഗ്ര പുരോഗതി കൈവരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന വികസന–ക്ഷേമ പദ്ധതികളേക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വീടുകൾ സന്ദർശിച്ച് അഭിപ്രായ ശേഖരണം നടത്തുന്നത്. പഞ്ചായത്ത് തലത്തിൽ പരിശീലനം ലഭിച്ച കർമ്മസേനാംഗങ്ങളായ വിജയകുമാർ, ഷിജിൽ എന്നിവരാണ് അഭിപ്രായ ശേഖരണത്തിന് നേതൃത്വം നൽകിയത്.
പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, തൃത്താല മണ്ഡലം ചാർജ് ഓഫീസർ ഡോ. കൃഷ്ണദാസ്, റിസോഴ്‌സ് പേഴ്സൺമാരായ പി. രാധാകൃഷ്ണൻ, ഒ. രാജൻ, വി. ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.
