
തൃത്താല ഗ്രാമപഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മേഴത്തൂർ സൗത്ത് വാർഡ് മെമ്പർ ജയതി വിജയകുമാറിനെ സി വി ബാലചന്ദ്രൻ, വി.ടി ബൽറാം എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ തൃത്താല ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം തീരുമാനിച്ചു. നാളെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. മേഴത്തൂർ സൗത്ത് വാർഡ് മെമ്പർ ജയന്തി വിജയകുമാർ, മാട്ടായ വാർഡ് മെമ്പർ അനീസ് എന്നീ രണ്ടുപേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പാർലമെന്ററി അംഗങ്ങൾ വോട്ടെടുപ്പ് നടത്തുകയും രണ്ടുപേർക്കും അഞ്ച് വീതം വോട്ടുകൾ ലഭിച്ചു. തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് ജയന്തി വിജയകുമാറിന് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ലഭിച്ചത്.
നറുക്കെടുപ്പ് നടന്നതിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ രണ്ടര കൊല്ലം ജയന്തി വിജയകുമാറിനും, പിന്നീട് അനീസിനും സ്ഥാനം പങ്കിടാൻ യോഗം തീരുമാനിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡായ മേഴത്തൂർ സൗത്തിൽ നിന്ന് 541 വോട്ടുകൾ നേടിയാണ് ജയന്തി വിജയകുമാർ വിജയിച്ചത്.