
സരസ് മേളയുടെ അടുക്കളയിലേക്ക് തൃത്താലയുടെ മണ്ണിൽ കൃഷി ചെയ്ത പച്ചക്കറികളും മറ്റ് കാർഷിക വിഭവങ്ങളും എത്തും. ചിറ്റപുറം സ്വദേശിയായ വിനീഷിന്റെ കൃഷിയിടത്തിലെ ചീര വിളവെടുത്തുകൊണ്ട് വിളവെടുപ്പിന് തുടക്കമായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ആർ. കുഞ്ഞുണ്ണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് ശശിരേഖ അധ്യക്ഷത വഹിച്ചു.
ചീരയ്ക്ക് പുറമേ പയർ, വഴുതനങ്ങ, മത്തൻ, വെണ്ടക്ക, തണ്ണിമത്തൻ തുടങ്ങി നിരവധി കാർഷിക വിഭവങ്ങളാണ് തൃത്താലയുടെ വിവിധ ഭാഗങ്ങളിലായി ഏകദേശം 150 ഏക്കറിലധികം ഭൂമിയിൽ കൃഷി ചെയ്തിട്ടുള്ളത്. സരസ് മേളക്ക് മുന്നോടിയായി ‘സുസ്ഥിര തൃത്താല’ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത പച്ചക്കറി കൃഷിയാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്.
ജനുവരി 2 മുതൽ 11 വരെ ചാലിശ്ശേരിയിൽ നടക്കുന്ന സരസ് മേളയുടെ ഭക്ഷ്യ മേളയിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ആസ്വദിക്കാൻ അവസരമുണ്ടാകും. തദ്ദേശീയ കൃഷിയുടെ രുചിയും ആരോഗ്യവും ഒരുമിക്കുന്ന ഭക്ഷ്യ മേളയായിരിക്കും ഇത്തവണത്തെ സരസ് മേള.