കൂറ്റനാട്: പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും തന്നെ ഒഴിവാക്കിയ നടപടി ബി.ജെ.പി നേതൃത്വം പുനഃപരിശോധിക്കണമെന്ന് മണികണ്ഠൻ വലാപറമ്പിൽ ആവശ്യപ്പെട്ടു. കൂറ്റനാട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരി സ്വദേശിയായ മണികണ്ഠനെ പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്ന്, ബി.ജെ.പി സോഷ്യൽ മീഡിയ ജില്ലാ ടീമിൽ നിന്നും മറ്റ് എല്ലാ പാർട്ടി ചുമതലകളിൽ നിന്നും നീക്കം ചെയ്തിരുന്നു. പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലാണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.
ഇതിന്‍റെ പ്രതികരണമായാണ് മണികണ്ഠൻ വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളോ അച്ചടക്കലംഘനങ്ങളോ താൻ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെയും കേന്ദ്ര സർക്കാരിന്റെയും യശസ്സ് ഉയർത്തുന്നതിനായി തന്നെയാണ് ഇതുവരെ പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തൃത്താല നിയോജക മണ്ഡലത്തിൽ കഴിഞ്ഞ വർഷങ്ങളിലായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും മണികണ്ഠൻ പറഞ്ഞു. അതിന് വേണ്ട കഴിവും അർഹതയും തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില വ്യക്തികൾ തന്റെ രാഷ്ട്രീയ വളർച്ച തടയുന്നതിനായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടി എന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മണികണ്ഠൻ പറഞ്ഞു. വിഷയത്തിൽ പാർട്ടി നേതൃത്വം വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃത്താല നിയോജക മണ്ഡലത്തിൽ ഇടതു മുന്നണിക്കോ യു.ഡി.എഫിനോ ചെയ്യാൻ കഴിയാത്ത വികസനം ബി.ജെ.പിക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തോൽക്കുന്ന സീറ്റിനും അടിയോ 🤔🤔
മറുപടിഇല്ലാതാക്കൂ