
സർവ്വകാല റെക്കോർഡ് കയറിയ സ്വർണവിലയില്‍ ആശ്വാസമായി മാസാവസാനത്തിലെ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ 104440 പിന്നിട്ട് മുന്നേറിയ സ്വർവില ഒരു ലക്ഷത്തിന് താഴെ എത്തി നില്‍ക്കുകയാണ്. ഇതോടെ സ്വർണാഭരണം വാങ്ങാന്‍ കടയിലേക്ക് എത്തുന്നവരുടേയും എണ്ണത്തില്‍ വർധനവുണ്ടാകുന്നതായി ജ്വല്ലറി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
കേരള വിപണിയില്‍ ഇന്ന് 22 കാരറ്റിന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍റെ വില്‍പ്പന വില 99640 രൂപയിലേക്ക് എത്തി. 30 രൂപ കുറഞ്ഞതോടെ ഗ്രാംവില 12455 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു. സമാനമായ രീതിയില്‍ 18 കാരറ്റിന്റേയും 14 കാരറ്റിന്‍റേയും വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 10240 രൂപയും 14 കാരറ്റിന് 20 രൂപ കുറഞ്ഞ് 79975 രൂപയുമായി. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപ എന്ന നിരക്കില്‍ തുടരുന്നു.
അതേസമയം ആഗോളവിപണിയില്‍ തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണ വിലയില്‍ നേരിയ മുന്നേറ്റം കാഴ്ചവെക്കുന്നു എന്നതാണ് ശ്രദ്ധേയം. ട്രോയ് ഔൺസിന് 22 ഡോളർ കൂടി 4,349.55 ഡോളറാണ് ഇന്നത്തെ സ്പോട്ട് ഗോൾഡ് നിരക്ക്. അതായത് വിലയില്‍ 0.49 ശതമാനത്തിന്‍റെ വർധനവ്. കേരളത്തിലെ വില നിർണ്ണയത്തിന്‍റെ സമയത്ത് വില നിശ്ചയിക്കുമ്പോള്‍ 4,363.24 ഡോളറായിരുന്നു ട്രോയ് ഔൺസിന് വില. പിന്നീട് വൈകീട്ടോടെ വില താഴേക്ക് പോകുകയായിരുന്നു. അതുകൊണ്ട് അന്താരാഷ്ട്ര വിപണിയിലെ വിലവർധനവ് കേരളത്തിന്‍റെ വിലയില്‍ പ്രതിഫലിക്കാത്തത്.