
വള്ളുവനാട് ഹിന്ദുമത പരിഷത്തിന്റെ 12-മത് വാർഷിക സമ്മേളനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. സമാപന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങൾ സമാജ നിർമാണത്തിനായി അവരുടെ സമ്പത്ത് ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ക്ഷേത്രങ്ങളോടൊപ്പം നല്ല വിദ്യാലയങ്ങൾ, ആശുപത്രികൾ, ഗോശാലകൾ എന്നിവ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഗവർണർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഈശ്വരൻ തന്നെ ഗോപാലനാണെന്നും, അതിനാൽ ഗോവംശ സംരക്ഷണത്തിനായി നാം മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മചാരി ടി.കെ. വിനയഗോപാൽ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ സംപൂജ്യ സ്വാമി ദേവാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. വിജയകൃഷ്ണൻ അമേറ്റിക്കര, പ്രേമചന്ദ്രൻ മേഴത്തൂർ, കെ.പി. നാരായണൻ എന്നിവർ സംസാരിച്ചു. ധ്വജാവരോഹണത്തോടെ സമ്മേളനത്തിന് സമാപനമായി.
സമ്മേളനത്തിന്റെ ഭാഗമായി രാവിലെ ലളിതാ സഹസ്രനാമ പാരായണം നടന്നു. തുടർന്ന് ഗോപാലകൃഷ്ണൻ കൈപ്പഞ്ചേരി ദീപ പ്രജ്വലനം നിർവഹിച്ചു. അഡ്വ. രാജേഷ് വെങ്ങാലിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.എസ്. സതീഷ് മുഖ്യപ്രഭാഷണം നടത്തി. വിനയൻ മാസ്റ്റർ തൃത്താല, ഡോ. വിജിത്ത് മേഴത്തൂർ, ധർമ്മരാജൻ പെരിങ്ങോട്, അഭിമന്യു എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ വേദിയിൽ ആദരിച്ചു. തുടർന്ന് വിഷ്ണു ബാലസമിതി, ചിന്മയ വിദ്യാലയം കല്ലടത്തൂർ, ശ്രീ മഹർഷി വിദ്യാലയം ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഭഗവദ് ഗീതാ പാരായണവും അരങ്ങേറി.