വായോധികന്റെ കൊലപാതകം: കൃത്യത്തിന് മുമ്പ് നേരിട്ടത് ക്രൂരമർദ്ദനം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: കരുവാറ്റ കൊലപാതക കേസില്‍ ശിവന്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് മുമ്പ് ശിവന്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരിയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. അടിയെ തുടര്‍ന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി. അബോധാവസ്ഥയില്‍ ആയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. താടിയെല്ലിന് മുകളിലേക്ക് ആഴത്തിലുള്ള പരിക്കുകളുമുണ്ട്.

കൃത്യത്തിലെ മുഖ്യ ആസൂത്രക ബന്ധുവായ 13കാരി തന്നെയാണെന്ന് പൊലീസ് അറിയിച്ചു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നത്. പെണ്‍കുട്ടിയാണ് പദ്ധതി തയ്യാറാക്കിയത്. സ്വര്‍ണവും പണവും എവിടെയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിരുന്നു. കൊല്ലാനായിരുന്നു പതിമൂന്നുകാരിയുടെ നിര്‍ദേശം. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികള്‍ കരുവാറ്റയില്‍ എത്തിയത്. കൊല്ലത്ത് നിന്ന് ട്രെയിനിലായിരുന്നു ഇവര്‍ എത്തിയത്. ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ് പ്രതികള്‍ വീടിനകത്ത് പ്രവേശിച്ചത്. ശബ്ദം കേട്ട് ശിവന്‍കുട്ടി എത്തിയപ്പോഴായിരുന്നു ക്രൂരമര്‍ദ്ദനം.

കേസില്‍ 13കാരി അടക്കം പ്രായപൂര്‍ത്തിയാകാത്ത നാല് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂട്ടുപ്രതികള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്.

67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ 13കാരി കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ പരവൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതെന്നും വിവരമുണ്ട്.

ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവന്‍കുട്ടിയുടെ ഭാര്യയും ഇവര്‍ക്കൊപ്പമാണ്. ഇതോടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരില്‍ അവിടെ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്. 

വീട് തുറക്കാന്‍ കഴിയുന്നില്ല അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. വയോധികന്‍ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം