അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ കൃഷിനാശം; ഓണത്തിന് ഉപ്പേരിക്ക് ഉള്‍പ്പെടെ വില കൂടും


അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ പത്തനംതിട്ട ജില്ലയിലെ ഏത്തവാഴ കൃഷി നശിച്ചതോടെ ഇത്തവണ ഓണവിപണിയിൽ ഉപ്പേരി ഉൾപ്പെടെയുള്ളവയ്ക്ക് വില കൂടും. നാടൻ ഏത്തക്കയുടെ ചിപ്സ് വിഭവങ്ങൾക്ക് കിലോയ്ക്ക് 450 രൂപയോളം വില വരുന്നുണ്ട്. വരും ദിവസങ്ങളിൽ വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികളും പറയുന്നു.

പത്തനംതിട്ട ജില്ലയിൽ 10 കോടിയോളം രൂപയുടെ നഷ്ടം വാഴ കൃഷിയിൽ മാത്രം ഉണ്ടായിട്ടുണ്ട്. ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത ഉപ്പേരിയടക്കം എണ്ണയിൽ വറുത്തെടുക്കുന്നവയ്ക്കെല്ലാം ഇനി വില കൂടും. ശർക്കരവരട്ടിക്കും പഴം ചിപ്സിനും കിലോയ്ക്ക് 400 രൂപയിലധികം വില വരുന്നുണ്ട്. ജില്ലയിലെ ഏത്തവാഴ കൃഷിയിൽ വലിയ പ്രതിസന്ധി ഉണ്ടായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വയനാട്ടിൽ നിന്നുള്ള കുലകളും എത്തുന്നുണ്ട്.

മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ വാഴ കൃഷി ചെയ്യുന്നത് പമ്പ, അച്ചന്‍കോവിൽ ആറുകളുടെ തീരത്താണ്. വകയാർ, അടൂർ, പന്തളം, ചെന്നീർക്കര, വെണ്മണി, വല്ലന തുടങ്ങിയ സ്ഥലങ്ങളിലും വ്യാപകമായി വാഴ കൃഷിയുണ്ട്. ഇവിടങ്ങളിലെല്ലാം കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത് ഓണ വിപണിയെ കൂടിയാണ് പ്രതികൂലമായി ബാധിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം