തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ്റെ കൊലപാതകം ഞെട്ടിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു പിഞ്ചു കുഞ്ഞിനോട് ഇത്രയും ക്രൂരത കാണിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരും. ഒരു ദയയും അക്കാര്യത്തിൽ ഉണ്ടാവില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
അതേസമയം, ഒന്നര വയസുകാരൻ്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ്റെ കുടുംബത്തിനെതിരെ ആരോപണവുമായി അർഷിദിന്റെ അച്ഛന്റെ അമ്മ. അഷ്ക്കറിന്റെ മാതാവിനെയും സഹോദരിയും ചോദ്യം ചെയ്യണമെന്ന് മുത്തശ്ശി ഷീന ആവശ്യപ്പെട്ടു. തങ്ങളുടെ കുട്ടിയെ കൊന്ന വീട്ടിലെ തെളിവുകൾ നശിപ്പിച്ചത് അഷ്ക്കറിന്റെ മാതാവും സഹോദരിയുമാണ്. ഇരുവരും ചേർന്ന് കുട്ടിയുടെ കയ്യിലെ പ്ലാസ്റ്റർ അടക്കം കത്തിച്ചാണ് തെളിവ് നശിപ്പിച്ചത്. ഇരുവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ചോദ്യം ചെയ്യണമെന്നും ഷീന ആവശ്യപ്പെട്ടു.
അർഷിദിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. റിമാൻഡിലുള്ള അമ്മ അഖിലയെയും അഷ്കറിനെയും കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിൽ കസ്റ്റഡി അപേക്ഷ നൽകും. അഖിലയും കുഞ്ഞിനെ മർദിച്ചിരുന്നോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ചാൽ മൊഴികളിലെ വൈരുധ്യങ്ങൾ, ക്രൂര പീഡനത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുക, ദീർഘകാല പീഡനത്തെക്കുറിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോയെന്ന് പരിശോധിക്കുക എന്നിവയാകും അന്വേഷണത്തിന്റെ അടുത്ത ഘട്ടം.
അർഷിദിന്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ അഷ്കർ കുറ്റം സമ്മതിച്ചിരുന്നു. സംഭവദിവസം ചോറു കൊടുക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നാണ് അഷ്കറിൻ്റെ മൊഴി. അടിയേറ്റ കുഞ്ഞിൻ്റെ ബോധം നഷ്ടമായി എന്നും പ്രതി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഒന്നരവയസുകാരൻ അർഷിത് മരിച്ചത്. അർഷിതിന്റെ അമ്മ അഖിലയെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെയും അഖിലയുടെയും സ്വൈര്യജീവിതത്തിന് തടസ്സമാകുമെന്ന് കണ്ട് അർഷിതിനെ ഒഴിവാക്കാൻ മൂന്നുമാസം മുൻപ് തീരുമാനിച്ചിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
