
തൃത്താല: കേരളത്തിലെ പ്രസിദ്ധമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃത്താല മഹാദേവ ക്ഷേേത്രവുമായി ബന്ധപ്പെട്ട ആറാട്ടുകടവിന് പുനരുജ്ജീവനം നൽകുമെന്ന് തൃത്താല എംഎൽഎ വി.ടി. ബൽറാം അറിയിച്ചു. പ്രധാന പ്രതിഷ്ഠയായ പരമശിവൻ “തൃത്താലപ്പൻ” എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ കടവിനെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.
നിളാ നദീതീരത്ത് സ്ഥിതിചെയ്യുന്ന ആറാട്ടുകടവും മഹാദേവ ക്ഷേത്രവും ആരാധനാലയങ്ങൾ മാത്രമല്ല, തൃത്താലയുടെ സംസ്കാരത്തിന്റെയും ഐതിഹ്യ പാരമ്പര്യത്തിന്റെയും പ്രതീകങ്ങളാണെന്ന് നാശോന്മുഖാവസ്ഥയിലുള്ള കടവ് സന്ദർശിച്ച ശേഷം വി.ടി. ബൽറാം പറഞ്ഞു. പറയിപെറ്റ പന്തിരുകുലത്തിലെ മേഴത്തൂർ അഗ്നിഹോത്രിയുമായി ബന്ധപ്പെട്ട ചരിത്രസ്മരണകളും ഈ പ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃത്താലപ്പന്റെ കടവ് പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട ഭക്തജന കൂട്ടായ്മ എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് സ്ഥലം സന്ദർശനം നടത്തിയത്. ഡി.സി.സി സെക്രട്ടറി പി.എം. മധു, മണ്ഡലം പ്രസിഡന്റ് എം. മണികണ്ഠൻ, അമ്പലക്കടവ് സംരക്ഷണ സമിതി പ്രസിഡന്റ് പി.വി. കാർത്തികേയൻ, സെക്രട്ടറി ടി.ജി. പരമേശ്വരൻ, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ടി.പി. മണികണ്ഠൻ, സമിതി അംഗങ്ങളായ പ്രസാദ് നായർ, ഹരിപ്രസാദ്, സുധീർ, രവി എന്നിവർ പങ്കെടുത്തു.