കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിർമ്മിച്ച പുതിയ വ്യാപാര ഭവന്റെ ഉദ്ഘാടനം നടന്നു. ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ വ്യാപാര ഭവനിലേക്ക് സ്വീകരിച്ചു. തുടർന്ന് രക്ഷാധികാരി ഇബ്രാഹീംകുട്ടി പതാക ഉയർത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ, തൃത്താല മണ്ഡലം പ്രസിഡന്റ് കെ.ആർ ബാലൻ എന്നിവർ ചേർന്ന് ശിലാഫലകം അനാഛാദനം ചെയ്തു. ഏകദേശം 30 ലക്ഷം രൂപ ചെലവിൽ 1200 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ശീതീകരിച്ച ഹാളും ആധുനിക സൗകര്യങ്ങളുമുള്ള കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.
തുടർന്ന് നടന്ന പൊതുസമ്മേളനം ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എം അഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. സംഘടനയുടെ ആദ്യകാല ഭാരവാഹികളായ ഇബ്രാഹീംകുട്ടി എം.എം, നസീർ വി.കെ, രാജൻ, പി.ഐ ഷബീർ എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
ചടങ്ങിൽ പി.ആർ കുഞ്ഞുണ്ണി, റംല വീരാൻകുട്ടി, ടി.പി ഷക്കീർ, പി.ഐ ഷബീർ, ബിനോയ് ഡേവിഡ്, പി.കെ സിജി, വ്യാപാരി നേതാക്കൾ, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, വ്യാപാരി കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
