ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ നടത്താനിരുന്ന ആക്രമണം മാറ്റിവെച്ചു: പ്രഖ്യാപനവുമായി ട്രംപ്

ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന ആക്രമണം മാറ്റി വെയ്ക്കുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപിൻ്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നിർദ്ദേശത്തിന് മറുപടി നൽകിയതായി ഇറാൻ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിൻ്റെ പൊടുന്നനെയുള്ള സോഷ്യൽ മീഡിയ പ്രഖ്യാപനം പുറത്ത് വന്നത്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ ഇറാനുമായി സംസാരിക്കുന്ന പശ്ചാത്തലത്തിൽ ആക്രമണം രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

ടെഹ്‌റാനുമായി ​ഗൗരവമായ ചർ‌ച്ചകൾ നടക്കുന്നതിനാൽ ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ചൊവ്വാഴ്ച ഇറാനെതിരെ നടത്താൻ നിശ്ചയിച്ചിരുന്ന ആക്രമണം മാറ്റിവയ്ക്കുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്ന ഒരു കരാറിലെത്താൻ കഴിഞ്ഞാൽ അമേരിക്ക തൃപ്തരാണെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ വഴി ഇറാൻ യുഎസിന് പുതിയ 14 പോയിന്റ് നിർദ്ദേശം സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. 

രാജ്യം ഒരു ശക്തിക്കും വഴങ്ങില്ലെന്ന് നേരത്തെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നേരത്തെ പ്രതികരിച്ചിരുന്നു. സംഘർഷങ്ങൾക്കിടയിലും പാകിസ്ഥാൻ വഴി നയതന്ത്ര പ്രക്രിയ തുടരുന്നുവെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് തിങ്കളാഴ്ച മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു. സമാധാനപരമായ മാർഗങ്ങളിലൂടെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പാകിസ്ഥാൻ്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം