സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നാളെ മുതൽ


സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച ആരംഭിക്കും. 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. 3,031 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ലക്ഷദ്വീപിൽ 386 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ 30ന് അവസാനിക്കും. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാക്കും. മെയ് മൂന്നാംവാരത്തിലാണ് ഫലപ്രഖ്യാപനം.

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 4,11,025 വിദ്യാർത്ഥികളും രണ്ടാം വർഷ പരീക്ഷയ്ക്ക് 4,52,437 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 34,122 പേർ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയും എഴുതും. പ്ലസ് വൺ പരീക്ഷ 27നും പ്ലസ് ടു പരീക്ഷ 28നും അവസാനിക്കും. ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ ആറിന് ആരംഭിച്ച് മെയ് 22ന് ഫലം പ്രസിദ്ധീകരിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർത്ഥികൾ പരീക്ഷയെഴുതും.

യുദ്ധ സാഹചര്യത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ രാവിലെ 9.30നും (വെള്ളി 9.15ന്) പ്ലസ് വൺ പരീക്ഷകൾ പകൽ 1.30നും ആരംഭിക്കും. ടി.എച്ച്.എസ്.എൽ.സി പരീക്ഷ മൂന്ന് കേന്ദ്രങ്ങളിലും ഒറ്റപ്പാലം ജി.എച്ച്.എസ്.എസ് ഫോർ ഡെഫ് സ്കൂളിലും നടക്കും.

പാലക്കാട് ജില്ലയിൽ 191 കേന്ദ്രങ്ങളിലായി 37,882 പേരാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയ്ക്ക് 41,416 പേരും ഒന്നാം വർഷ പരീക്ഷയ്ക്ക് 32,301 പേരും പങ്കെടുക്കും. ചൂട് കൂടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം